ന്യൂഡല്‍ഹി: യുക്രൈനിലെയും ലഡാക്കിലെയും സംഭവവികാസങ്ങളെ ലണ്ടനില്‍ നടന്ന സെമിനാറില്‍ രാഹുല്‍ ഗാന്ധി താരതമ്യപ്പെടുത്തിയതു വിവാദമായി. നഴ്സറി ജയിക്കാത്തയാള്‍ പിഎച്ച്.ഡി. പരീക്ഷയെഴുതാന്‍ ആഗ്രഹിക്കുന്നതുപോലെയാണു രാഷ്ട്രീയത്തില്‍ രാഹുലിന്റെ സ്ഥാനമെന്നായിരുന്നു ബി.ജെ.പിയുടെ പരിഹാസം. വിദേശകാര്യത്തിന്റെ എ, ബി, സി, ഡി പോലും രാഹുലിനറിയില്ല. എന്നിട്ടും അദ്ദേഹം തുടര്‍ച്ചയായി അഭിപ്രായപ്രകടനം നടത്തുന്നു. ഇന്ത്യയുടെ കരുത്തിനെക്കുറിച്ചോ വിദേശകാര്യത്തെക്കുറിച്ചോ രാഹുലിനറിയില്ലെന്നാണു യുക്രൈന്-ലഡാക്ക് താരതമ്യം വ്യക്തമാക്കുന്നത്. ”ഇന്ത്യയിലെ സ്ഥിതിഗതികള്‍ പാകിസ്താനിലേതുപോലെയാണെന്നും രാഹുല്‍ പറയുന്നു. താങ്കള്‍ക്കു വായനയില്‍ താത്പര്യമില്ലെന്നു ഞങ്ങള്‍ക്കറിയാം. എന്നാല്‍, ഇന്ത്യയേയും ഭീകരരാഷ്ട്രമായ പാകിസ്താനെയും താരതമ്യപ്പെടുത്തരുതെന്നു ഞങ്ങള്‍ മുന്നറിയിപ്പ് നല്കുന്നു”- ബി.ജെ.പി. ദേശീയവക്താവ് ഗൗരവ് ഭാട്യ പറഞ്ഞു.
രാഹുല്‍ എപ്പോഴൊക്കെ വിദേശത്തു പോയാലും ഇന്ത്യയെ മോശമായി ചിത്രീകരിക്കുകയാണു പതിവെന്നും ഭാട്യ ആരോപിച്ചു. ഒരു തീപ്പൊരി വീണാല്‍ ആളിപ്പടരാവുന്ന വിധത്തില്‍ ഇന്ത്യക്കുമേല്‍ മണ്ണെണ്ണ പരന്നിരിക്കുകയാണെന്ന രാഹുലിന്റെ പരാമര്‍ശം സംബന്ധിച്ച്, 1984 മുതല്‍ കോണ്‍ഗ്രസ് നേതാക്കളാണിത് ചെയ്യുന്നതെന്നു ഭാട്യ പറഞ്ഞു. ഒരു താത്കാലിക രാഷ്ട്രീയക്കാരനായ രാഹുല്‍ ഇന്ത്യയ്ക്കെതിരേ പ്രസ്താവന പുറപ്പെടുവിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മനോഭാവമനുസരിച്ച്, ”ഇന്ത്യയെ നശിപ്പിക്കാനുള്ള ആശയങ്ങള്‍’ എന്നായിരുന്നു സെമിനാറിനു പേരിടേണ്ടിയിരുന്നതെന്നും ബി.ജെ.പി. പരിഹസിച്ചു.



