ന്യൂഡല്‍ഹി: വൈദ്യുതി നിലയങ്ങളിലേക്കുള്ള കല്‍ക്കരി നീക്കം സുഗമമാക്കാന്‍ 1,100 ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കി. നേരത്തേ ഇതേയാവശ്യത്തിനായി 650 സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ വൈദ്യുതിക്ഷാമം രൂക്ഷമായതിനേത്തുടര്ന്നാണു കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി, കല്‍ക്കരി നീക്കത്തിനു വഴിയൊരുക്കിയത്.മെയ് 24 വരെ റദ്ദാക്കിയ സര്‍വീസുകളില്‍ 500 എണ്ണം മെയില്‍ എക്സ്പ്രസുകളും 580 എണ്ണം പാസഞ്ചര്‍ ട്രെയിനുകളുമാണ്. വടക്ക്, തെക്കുകിഴക്കന്‍, മധ്യ റെയില്‍വേ മേഖലകളില്‍നിന്നുള്ള സര്‍വീസുകളാണിവ. വൈദ്യുതി നിലയങ്ങളില്‍ കല്‍ക്കരി എത്തിക്കാനുള്ള യാത്രാസമയം ഗണ്യമായി കുറച്ചാണു യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടി. സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതനുസരിച്ച് പാസഞ്ചര്‍ സര്‍വീസുകള്‍ എത്രയും വേഗം പുനഃസ്ഥാപിക്കുമെന്നു റെയില്‍വേസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗൗരവ് കൃഷ്ണ ബന്‍സാല്‍ അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി ബോര്‍ഡുകള്‍ കല്‍ക്കരി വിലയില്‍ വന്‍കുടിശിക (ഏകദേശം 7,918 കോടി രൂപ) വരുത്തിയതും പ്രതിസന്ധിക്കു കാരണമായി. മഹാരാഷ്ട്ര, രാജസ്ഥാന്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളാണു കുടിശികയില്‍ മുന്നിലുള്ളത്. ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഡല്‍ഹി സംസ്ഥാനങ്ങള്‍ താപെവെദ്യുതി നിലയങ്ങളില്‍ മുന്‍കൂട്ടി ക്രമീകരണങ്ങള്‍ നടത്താതിരുന്നതു മൂലം ഉത്പാദനശേഷിയില്‍ 4,000 മെഗാവാട്ടിന്റെ കുറവുണ്ടായി. രാജ്യത്തിനാവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും കല്‍ക്കരി ഉപയോഗിച്ചാണ് ഉത്പാദിപ്പിക്കുന്നത്. റെയില്‍ പാതകളിലെ തിരക്കും ചരക്കുവണ്ടികളുടെ കുറവുമാണു വൈദ്യുതി നിലയങ്ങളില്‍ കല്‍ക്കരി എത്തിക്കാന്‍ പ്രധാനതടസം. എന്നാല്‍, കല്‍ക്കരിയുടെ ആഭ്യന്തരക്ഷാമമല്ല, വ്യത്യസ്ത ഊര്ജസ്രോതസുകളില്നിന്നുള്ള വൈദ്യുതി ഉത്പാദനം കുറഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നാണു കേന്ദ്ര കല്‍ക്കരി മന്ത്രാലയത്തിന്റെ നിലപാട്.

