ന്യൂഡല്‍ഹി: മുന്‍ സൈനികരുടെ പെന്‍ഷന്‍ മുടങ്ങിയതു ദേശീയതലത്തില്‍ വിവാദമായതിനേത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍. കഴിഞ്ഞമാസത്തെ പെന്‍ഷന്‍ ഇന്നലെ വൈകിട്ട് അക്കൗണ്ടുകളിലെത്താന്‍ നടപടി സ്വീകരിച്ചതായി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. പെന്‍ഷന്‍ വിതരണസംവിധാനം ഡിജിറ്റെലെസ് ചെയ്യുന്നതിന്റെ ഭാഗമായാണു കാലതാമസമുണ്ടായതെന്നു മന്ത്രാലയം വിശദീകരിച്ചു.സൈനിക പെന്‍ഷന്‍ വൈകിയതു സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ചതിനു തൊട്ടുപിന്നാലെയാണു പ്രതിരോധമന്ത്രാലയം ”യുദ്ധകാലാടിസ്ഥാനത്തില്‍” നടപടി സ്വീകരിച്ചത്. ”വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍” പദ്ധതിയെ പരാമര്‍ശിച്ച്, ”ഓള്‍ റാങ്ക്, നോ പെന്‍ഷന്‍” നയമാണു കേന്ദ്രം പിന്തുടരുന്നതെന്നായിരുന്നു രാഹുലിന്റെ പരിഹാസം.
സൈനികരെ അപമാനിക്കുന്നതു രാജ്യത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. പെന്‍ഷന്‍ മുടങ്ങിയ വിഷയത്തില്‍ ഇടപെടലാവശ്യപ്പെട്ട്, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെ ടാഗ് ചെയ്ത് ലെഫ്റ്റനന്റ് ജനറല്‍ ദീപേന്ദ്ര സിങ് ഹൂഡ ട്വീറ്റ് ചെയ്തതോടെയാണു പ്രശ്നം പൊതുജനശ്രദ്ധയാകര്‍ഷിച്ചത്. ഇങ്ങനെയാണോ രാജ്യസേവനത്തിനു നന്ദി പ്രകടിപ്പിക്കേണ്ടതെന്നും ഹൂഡ ചോദിച്ചു. പെന്‍ഷന്‍ വിതരണത്തിനു ”സ്പര്‍ശ്” എന്ന ഡിജിറ്റല്‍ സോഫ്റ്റ്വേറാണു കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നത്. ഇതില്‍ പെന്‍ഷന്‍കാരുടെ പൂര്‍ണവിവരങ്ങള്‍ എല്ലാവര്‍ഷവും കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. പെന്‍ഷന്‍ വിതരണ ഏജന്‍സികളായി പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ സാധാരണയായി നവംബറില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കുകയാണു പതിവ്. എന്നാല്‍, കോവിഡ് പ്രതിസന്ധിയേത്തുടര്‍ന്ന് ഈവര്‍ഷം വിവരങ്ങള്‍ ചേര്‍ക്കാന്‍ കേന്ദ്രം മാര്‍ച്ച് 31 വരെ സാവകാശമനുവദിച്ചു. ഏപ്രില്‍ ഇരുപത്തഞ്ചോടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ബാങ്കുകള്‍ക്കു കൈമാറിയെങ്കിലും 58,275 പേരുടെ തിരിച്ചറിയല്‍ വൈകി. ഇതാണു കഴിഞ്ഞമാസത്തെ പെന്‍ഷന്‍ െവെകാന്‍ കാരണമെന്നാണ് ഔദ്യോഗികവിശദീകരണം. തിരിച്ചറിയല്‍ വിവരങ്ങള്‍ സ്പര്‍ശില്‍ ചേര്‍ക്കപ്പെടാത്തവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിപ്രകാരം പെന്‍ഷന്‍ അനുവദിക്കാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. ഇവരുടെ വിവരങ്ങള്‍ ചേര്‍ക്കാന്‍ ഈമാസം 25 വരെ സാവകാശവും അനുവദിച്ചിട്ടുണ്ട്.



