ന്യൂഡല്‍ഹി: കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. സര്‍ക്കാരുകളുടെ പ്രവര്‍ത്തനം നിയമപരമാണെങ്കില്‍ കോടതി ഇടപെടില്ലെന്നു ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിമാരുടേയും െഹെക്കോടതി ചീഫ് ജസ്റ്റിസുമാരുടേയും സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പോലീസ് അന്യായമായ അറസ്റ്റും പീഡനവും നിര്‍ത്തണം. സര്‍ക്കാരും അതിന്റെ സംവിധാനങ്ങളും വേണ്ടവിധത്തില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ക്ക് കോടതിയെ സമീപിക്കേണ്ടി വരില്ലെന്നും ജസ്റ്റിസ് രമണ കൂട്ടിച്ചേര്‍ത്തു. െഹെക്കോടതികളില്‍ പ്രാദേശിക ഭാഷകളില്‍ വാദത്തിന് അനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാഷാപ്രാവീണ്യമല്ല, നിയമപരിജ്ഞാനമാണു പ്രധാനം. ആര്‍ട്ടിക്കിള്‍ 348 പ്രകാരം ഹൈക്കോടതികളില്‍ പ്രാദേശിക ഭാഷ ഉപയോഗിക്കാന്‍ അനുമതി നല്‍കണം. പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കുന്നതുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള സാങ്കേതികവിദ്യ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തണം, തസ്തികകള്‍ വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും ജസ്റ്റിസ് എന്‍.വി.രമണ ഉയര്‍ത്തി. അതേസമയം, ജുഡീഷ്യറിയുടെ അംഗബലവും അടിസ്ഥാനസൗകര്യങ്ങളും വര്‍ധിപ്പിക്കുമെന്നു യോഗം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. വിധികളും വ്യവഹാരവും ജനങ്ങള്‍ക്ക് മനസിലാകുന്ന ഭാഷയിലാകണമെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കോടതികളില്‍ പ്രാദേശികഭാഷകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം. കാലഹരണപ്പെട്ട നിയമങ്ങള്‍ ഉപേക്ഷിക്കണം. കോടതിയിലെ ഒഴിവുകള്‍ നികത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.



