തിരുവനന്തപുരം: കെ.എസ്.ഇ.ബി സമരവുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി സമരക്കാരുമായി 2022 ഏപ്രിൽ 18 തിങ്കളാഴ്ച ചർച്ച നടത്തും. പ്രശ്‌ന പരിഹാരത്തിന് ഇടപെടാൻ സി.പി.എം നേതൃത്വം മന്ത്രിയോട് നിർദേശിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി തലത്തിൽ സമരം പരിഹരിക്കണമെന്ന് നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് മന്ത്രി ചർച്ചയ്ക്ക് തയ്യാറായിരിക്കുന്നത്.
നേരത്തെ ബോർഡ് ചെയർമാനും ഓഫീസേഴ്‌സ് അസോസിയേഷനും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതോടെ മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടുകയും നേരിട്ട് ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടിക്ക് നിർദേശം നൽകുകയുമായിരുന്നു. തിങ്കളാഴ്ച മന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷമായിരിക്കും ചർച്ച. നേരത്തെ മന്ത്രി വിഷയത്തിൽ ഇടപെടാത്തതിനെ വിമർശിച്ച സി.ഐ.ടി.യു നേതൃത്വം രംഗത്തെത്തിയിരുന്നു.

