കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സംസ്ഥാന സർക്കാരും ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം. പ്രോസിക്യൂഷൻ തെളിവുകൾ വിചാരണക്കോടതി വേണ്ട വിധത്തിൽ പരിഗണിച്ചില്ലെന്നാണ് സംസ്ഥാന സർക്കാറിന്റെ വാദം. ഇതേ ആവശ്യവുമായി കന്യാസ്ത്രീയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കന്യാസ്ത്രീയെ ബാലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ട കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടെ വിധിക്കെതിരെയാണ് അപ്പീൽ. 2022 ജനുവരി 14 നാണ് കോടതി ബിഷപ്പിനെ കുറ്റവിമുക്തനാക്കിയത്. വിചാരണ കോടതിയുടെ ഉത്തരവിൽ പിഴവുകളുണ്ടെന്നും അപ്പീൽ പോകണമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു. പ്രോസിക്യൂഷൻ നൽകിയ തെളിവുകൾ കോടതി വിശകലനം ചെയ്തിട്ടില്ല, പ്രതിഭാഗം നൽകിയ തെളിവുകൾ മുഖവിലക്കെടുക്കുകയും ചെയ്തു. ഒരു സാക്ഷി നൽകിയ അഭിമുഖത്തിന്റെ യൂട്യൂബ് വീഡിയോ തെളിവായി സ്വീകരിക്കുകയും ചെയ്തത് നിയമവിരുദ്ധമാണെന്നും അപ്പീലിൽ പറയുന്നു.
വലിയ അധികാരമുള്ള ബിഷപ്പിന് കീഴിലാണ് പരാതിക്കാരി കഴിഞ്ഞിരുന്നത്. ഈ നിസ്സഹായവസ്ഥയാണ് ബിഷപ്പ് ചൂഷണം ചെയ്തത്. ഇത്തരം സാഹചര്യങ്ങൾ അതീജീവിച്ച് കന്യാസ്ത്രീ നൽകിയ തെളിവുകൾക്ക് വിചരണക്കോടതി പ്രാധാന്യം നൽകിയില്ല. സംരക്ഷകനാണ് വേട്ടക്കാരനായി മാറിയത്. ഇത്തരമൊരു സാഹചര്യത്തിൽ വസ്തുകൾ പരിശോധിക്കാതെയാണ് വിചാരണക്കോടതിയുടെ വിധി. സുപ്രീംകോടതി ഉത്തരവുകൾക്ക് പോലും വിരുദ്ധമാണ് ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ ഉത്തരവെന്നും അപ്പീലിൽ സർക്കാർ പറയുന്നു. സംസ്ഥാന പൊലീസ് മേധാവി സർക്കാരിന് കത്ത് നൽകി രണ്ട് മാസത്തിന് ശേഷമാണ് സർക്കാർ അനുമതി നൽകുന്നത്. സർക്കാർ ഉത്തരവ് ഇറങ്ങിയതിന് പിന്നാലെയാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അപ്പീൽ നൽകിയത്. കന്യാസ്ത്രീയും ഹൈക്കോടതിയിൽ അപ്പീൽ നൽകി. തെളിവുകൾ കൃത്യമായി പരിശോധിക്കാതെയാണ് വിചാരണക്കോടതി വിധി പുറപ്പെടുവിച്ചതെന്ന് അപ്പീലിൽ പരാതിക്കാരി പറയുന്നു.
ആഴ്ചകൾ നീണ്ട കന്യാസ്ത്രീകളുടെ തെരുവിലിറങ്ങിയുള്ള ചരിത്രസമരം, 105 ദിവസത്തെ രഹസ്യവിചാരണയിലൂടെയുള്ള വിസ്താരം, എല്ലാറ്റിനുമൊടുവിൽ നീതി ഇനിയും അകലെയാണ് അതിജീവിതയ്ക്ക്. നാലായിരത്തോളം പേജുകളുള്ള കുറ്റപത്രത്തിൽ പ്രധാനമായും ഏഴ് കുറ്റങ്ങളാണ് ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പൊലീസ് ചുമത്തിയിരുന്നത്.



