റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെറുപുഴ നവീകരണം: ബഹുജന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

March 8, 2022 - 3:46 pm

ചങ്ങരോത്ത് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചെറുപുഴയുടെ നവീകരണത്തിനായി ബഹുജന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ.എന്‍. തേജ് ലോഹിത് റെഡ്ഡി ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചെറുപുഴയുടെ വീണ്ടെടുപ്പിനും പരിപാലനത്തിനുമായി 501 അംഗ ബഹുജന കമ്മിറ്റിക്ക് കണ്‍വെന്‍ഷന്‍ രൂപം നല്‍കി.

ചങ്ങരോത്ത് പര്യായി കോവുപ്പുറം മുതല്‍ കല്ലൂര്‍മൂഴി വരെയുള്ള പുഴയുടെ അഞ്ചര കിലോമീറ്ററില്‍ മാലിന്യങ്ങള്‍ നീക്കി കുളിക്കടവുകളും മറ്റുമൊരുക്കി സംരക്ഷിക്കും. ഇതിന്റെ ഭാഗമായി ദേശീയ ജലദിനത്തില്‍ 5000 സന്നദ്ധ പ്രവര്‍ത്തകരെ രംഗത്തിറക്കി പുഴ വൃത്തിയാക്കും. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പ്രസിഡന്റ് ഉണ്ണി വേങ്ങേരിയാണ് ജനകീയ കമ്മിറ്റിയുടെ ചെയര്‍മാന്‍. പഞ്ചായത്ത് വികസന ആസൂത്രണസമിതി ഉപാധ്യക്ഷന്‍ കെ വി കുഞ്ഞിക്കണ്ണനെ ജനറല്‍ കണ്‍വീനറായും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മദിനെ ട്രഷററായും തിരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

കണ്‍വെന്‍ഷനില്‍ പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു.  കെ.വി കുഞ്ഞിക്കണ്ണന്‍ പ്രവര്‍ത്തന പരിപാടികള്‍ വിശദീകരിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ പ്രകാശ് കോടഞ്ചേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം വഹീദ പാറേമ്മല്‍, എസ്.പി കുഞ്ഞമ്മദ്, ജി രവി എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ കെ മുബഷിറ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ഐ.അനിതകുമാരി നന്ദിയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *