യുവതിയും യുവാവും കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി: പരിക്ക് ​ഗുരുതരമെല്ലെന്ന് ആശുപത്രി അധികൃതർ

ചാവക്കാട്: തൃശൂർ ചാവക്കാട് നഗരത്തിലെ കെട്ടിടത്തിന് മുകളിൽ നിന്ന് യുവതിയും യുവാവും ചാടി. ചാവക്കാട് സ്വദേശികളായ യുവതിയും യുവാവുമാണ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. സാരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2022 ഫെബ്രുവരി 20 ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

ഇരുപത്തിമൂന്ന് വയസുകാരനായ യുവാവും പതിനെട്ട് വയസുകാരിയായ പെൺകുട്ടിയുമാണ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. പഴയ നഗരസഭാ കെട്ടിടത്തിന് മുകളിൽ നിന്നും തെട്ടടുത്തുള്ള കുടുംബശ്രീ ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിലേക്കാണ് ഇരുവരും ചാടിയത്. ഞായറാഴ്ചയായതിനാൽ നഗരസഭാ കെട്ടിടത്തിലെ സ്ഥാപനങ്ങളൊന്നും പ്രവർത്തിച്ചിരുന്നില്ല. എന്തിനാണ് ഇവർ താഴേക്ക് ചാടിയതെന്ന് വ്യക്തമല്ല. ഇവരിൽ നിന്ന് മൊഴിയെടുത്തതിന് ശേഷമേ കൃത്യമായ വിവരങ്ങൾ ലഭ്യമാകുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ചാവക്കാട് ഫയർ ഫോഴ്‌സും പോലീസും സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എംഎൽഎ എൻ.കെ.അക്ബർ സംഭവസ്ഥലത്തെത്തിയിരുന്നു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

Share
അഭിപ്രായം എഴുതാം