റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറം: നെറുങ്കൈതകോട്ട ക്ഷേത്രോത്സവം: മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

February 19, 2022 - 3:37 pm

മലപ്പുറം: വള്ളിക്കുന്ന് നെറുങ്കൈതകോട്ട ശ്രീ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം മാര്‍ച്ച് നാലിന് നടക്കുന്നതിന് മുന്നോടിയായി വിവിധ വകുപ്പുകളുടെ ഏകോപനപ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്താന്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, ദേവസ്വം പ്രതിനിധികള്‍, ക്ഷേത്ര സംരക്ഷണ കമ്മിറ്റി അംഗങ്ങള്‍ ആഘോഷകമ്മിറ്റി പ്രതിനിധികള്‍ എന്നിവരുടെ യോഗം ചേര്‍ന്നു. ആചാരാനുഷ്ഠാനങ്ങള്‍ക്ക് തടസം വരാതെ മികച്ച രീതിയില്‍ ആഘോഷ പരിപാടി നടത്താന്‍ വകുപ്പുകളുടെ സഹകരണമുണ്ടാകുമെന്ന് വകുപ്പ്തല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളനുസരിച്ച് ഉത്സവദിനത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കും. സ്ഥലത്ത് ആരോഗ്യ വിഭാഗത്തിന്റെ മെഡിക്കല്‍ യൂണിറ്റും ആംബുലന്‍സും സജ്ജീകരിക്കും. സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഫയര്‍ യൂണിറ്റുകള്‍ ക്യാമ്പ് ചെയ്യും. മേക്കോട്ട ക്ഷേത്രത്തിലേക്കുള്ള വഴികളുടെ പ്ലാന്‍ തദ്ദേശ സ്വയം ഭരണവിഭാഗത്തിലെ സാങ്കേതിക വിഭാഗം തയ്യാറാക്കി പൊലീസിന് കൈമാറും. പൊലീസും ദേവസ്വവും ക്ഷേത്ര സംരക്ഷണ സമിതിയും സംയുക്തമായി ചര്‍ച്ച ചെയ്ത് ഉത്സവ ദിവസം ഉത്സവ സ്ഥലത്തേക്കുള്ള  പ്രവേശന വഴികളും പുറത്തേക്കുള്ള വഴികളും പ്രസിദ്ധീകരിക്കും.

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളുടെ നവീകരണപ്രവൃത്തികള്‍ അടുത്ത വാരത്തില്‍ പൂര്‍ത്തീകരിക്കും. ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിലെ തടസങ്ങള്‍ നീക്കം ചെയ്യും. പ്രധാനവഴികളിലുള്ള അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റാന്‍ നിര്‍ദേശം നല്‍കി. ഗ്രീന്‍ പ്രോട്ടോക്കോള്‍ ലംഘിക്കാതിരിക്കാന്‍ ശുചിത്വമിഷന്‍ അധികൃതരും സന്നിഹിതരായിരിക്കും. ഗതാഗതം സുഗമമാക്കുന്നതിന് വണ്‍വേ സംവിധാന നിയന്ത്രണവും ഏര്‍പ്പെടുത്തും. കുടിവെള്ളം സുലഭമായി ലഭ്യമാക്കുന്നതിന് വാട്ടര്‍ അതോറിറ്റിയുടെ സേവനവും വൈദ്യുതി തടസപ്പെടാതിരിക്കാന്‍ ഇലക്ട്രിസിറ്റി വകുപ്പിന്റെ സേവനവും ഉറപ്പു വരുത്തിയിട്ടുണ്ട്.

യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഷൈലജ, ക്ഷേത്രം ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ സംഗമേഷ് വര്‍മ്മ, തളി ദേവസ്വം അംഗം പി.എം മനോജ് കുമാര്‍, തിരൂരങ്ങാടി തഹസില്‍ദാര്‍ മോഹനന്‍, പരപ്പനങ്ങാടി എസ്.എച്ച്.ഒ ഹണി കെ ദാസ്, ജില്ലാ അഗ്‌നിസുരക്ഷാ സേനയുടെ പ്രതിനിധി എം.രാജേന്ദ്രനാഥ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രതിനിധി ഡോ: എം.സുരേഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയരാജ്, പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഇ.കെ മുഹമ്മദ് ഷാഫി, ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ എം. പ്രണവ്, മണ്ഡലംതല നോഡല്‍ ഓഫീസറുടെ പ്രതിനിധി അഭയ്, ഗ്രാമ പഞ്ചായത്തംഗം പി.എം ശശികുമാര്‍, അകമ്പടി അവകാശി രവീന്ദ്രനാഥ പണിക്കര്‍, ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികളായ പി.മോഹന്‍ദാസ്, എന്‍.കെ തിവിക്രമന്‍, പി.കൃഷ്ണന്‍, ക്ഷേത്രം സ്റ്റാഫ് പ്രതി നിധി വി. ശശികുമാര്‍ എന്നിവരും മറ്റു വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *