മലപ്പുറം: ചരിത്രനേട്ടത്തിന്റെ നിറവിൽ തിരൂരങ്ങാടി നഗരസഭ

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിന് സംസ്ഥാനസർക്കാർ കഴിഞ്ഞ ദിവസം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ തിരൂരങ്ങാടി നഗരസഭയ്ക്ക് അത് ചരിത്രമുഹൂർത്തമായി. സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി നേടിയപ്പോൾ ആദ്യമായി സംസ്ഥാനതലത്തിൽ അംഗീകരിക്കപ്പെട്ടതിന്റെ അഭിമാനത്തിലാണ് നഗരസഭ ഭരണസമിതി. തദ്ദേശസ്വയം ഭരണവകുപ്പിന്റെ ഏകീകരണത്തിന്റെ ഭാഗമായി ആദ്യമായാണ് നഗരസഭകൾക്ക് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. കേരളത്തിലെ 87 നഗരസഭകൾ മാറ്റുരച്ചപ്പോൾ സുൽത്താൻ ബത്തേരി ഒന്നാം സ്ഥാനവും തിരൂരങ്ങാടി രണ്ടാം സ്ഥാനവും നേടുകയായിരുന്നു.

കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ, പൊതുമരാമത്ത് മേഖലകളില്‍ നഗരസഭ മികവ് പുലർത്തിയതും സമയബന്ധിതമായി പൂർത്തീകരിച്ചതും നഗരസഭയ്ക്ക് പുരസ്‌കാരം ലഭിക്കാനുള്ള ഘടകങ്ങളായെന്ന് നഗരസഭ ചെയർമാൻ കെ. പി മുഹമ്മദ്‌ കുട്ടി പറഞ്ഞു. കാർഷികമേഖലയിലെ ഇടപെടലുകള്‍, മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങൾ, ഭവന പദ്ധതികള്‍, വനിതാ സ്വയം തൊഴില്‍ പദ്ധതികള്‍, വനിതാ ശാക്തീകരണം, ഭിന്നശേഷി വയോജന സംരക്ഷണ പദ്ധതികള്‍, ഫയലുകള്‍ തീര്‍പ്പാക്കല്‍ തുടങ്ങിയവയില്‍ കാര്യക്ഷമതയോടെയും സമയബന്ധിതമായും നഗരസഭ നടത്തിയ ഇടപെടലുകള്‍അംഗീകാരത്തിലെത്തിച്ചതായി അദ്ദേഹം പറഞ്ഞു.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പദ്ധതികൾ നഗരസഭയ്ക്ക് കീഴിൽനടപ്പിലാക്കാൻ സാധിച്ചിട്ടുണ്ട്. ജനക്ഷേമത്തിലും വികസനത്തിലും ഊന്നി നഗരസഭ ഒട്ടേറെ പദ്ധതികളാണ് നടപ്പിലാക്കുന്നത്.പ്രവാസി മീറ്റ്, സൗജന്യ പിഎസ്‌സി കോച്ചിംഗ്. ഡയാലിസിസ് രോഗികള്‍ക്ക് സഹായം തുടങ്ങിയ പദ്ധതികളും നഗരസഭയുടെ ശ്രദ്ധേയ പ്രവർത്തനങ്ങളാണ്. തരിശു ഭൂമി ഇല്ലാതാക്കാൻ നടപ്പിലാക്കുന്ന ‘തരിശുരഹിത തിരൂരങ്ങാടി’, മാലിന്യസംസ്കരണത്തിനായി നിർമിക്കുന്ന പ്ലാന്റ്, കല്ലക്കയം കുടിവെള്ള പദ്ധതി എന്നിവ നഗരസഭയുടെ പ്രധാന പ്രവർത്തനങ്ങളാണ്.

സംസ്ഥാന അംഗീകാരം നഗരസഭക്ക് കരുത്ത് പകരുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി,പി സുഹ്‌റാബി, സ്ഥിരം സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍,സി.പി ഇസ്മായില്‍,എം.സുജിനി, ഇ.പി ബാവ വഹീദ ചെമ്പ എന്നിവർ നയിക്കുന്ന ഭരണസമിതിയാണ് നഗരസഭയെ നയിക്കുന്നത്.

Share
അഭിപ്രായം എഴുതാം