മലയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ നടപ്പിലാക്കും – വനംമന്ത്രി

മലയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ നടപ്പിലാക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. മലയോര മേഖലയിൽ അടിക്കടിയുണ്ടാകുന്ന വന്യജീവി ആക്രമണം വിശകലനം ചെയ്യാനും പരിഹാരമാർഗങ്ങൾ കണ്ടെത്താനും വാഴച്ചാലിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഫെബ്രുവരി 7 ന് അതിരപ്പിള്ളി കണ്ണൻകുഴിയിൽ അഞ്ചുവയസുകാരി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇത്തരം ദാരുണ സംഭവങ്ങൾ ഒഴിവാക്കാനായി മേഖലയിൽ ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കും. ഹ്രസ്വകാല നടപടികളുടെ ഭാഗമായി സോളാര്‍ ഫെന്‍സിംഗ് പ്രായോഗികമായ സ്ഥലങ്ങളിൽ അവ ഉടൻ സ്ഥാപിക്കും. ട്രഞ്ച് അത്യാവശ്യമുള്ളിടത്ത് അത്തരം പ്രവർത്തനങ്ങൾ നടത്തും. ഓരോ പ്രദേശത്തിനും അനുയോജ്യമായവ ഏതെന്ന് കണ്ടെത്തിയായിരിക്കും പ്രവർത്തനങ്ങൾ. ഉദ്യോഗസ്ഥർ പരിശോധനകളും നടപടികളും ത്വരിതപ്പെടുത്തും. ഇതിനായി കൂടുതൽ വാഹനങ്ങൾ, ആധുനിക സംവിധാനങ്ങൾ എന്നിവ ഉറപ്പാക്കും. സംസ്ഥനത്ത് കൂടുതൽ ആർ ആർ ടികൾ (റാപ്പിഡ് റെസ്പോൺസ് ടീം) അനുവദിക്കും. ഇതിൽ ഒന്ന് ചാലക്കുടിയിൽ ഉറപ്പാക്കും. ജില്ലാപഞ്ചായത്ത് പ്രസിഡൻറ്, പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്മാർ എന്നിവരുടെ നേതൃത്വത്തിൽ വന സംരക്ഷണ സമിതികൾ, ജാഗ്രതാ സമിതികൾ എന്നിവ സജീവമാക്കണമെന്നും മന്ത്രി പറഞ്ഞു.

ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി പറമ്പിക്കുളം ഫോറസ്റ്റ് ഫൗണ്ടേഷനെ ശാസ്ത്രീയ പഠനം നടത്താൻ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. ഇവരോട് ഗ്രാമപഞ്ചായത്തുകളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും പരിഗണിച്ച് ഓരോ പ്രദേശത്തിനും അനുയോജ്യമായ തീരുമാനങ്ങൾ ഉൾപ്പെടുത്തി എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. 2018 മുതലുള്ള വിവിധ വന്യജീവി ആക്രമണ നഷ്ടപരിഹാര തുകകൾ ഉടൻ കൊടുത്തു തീർക്കുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു.

ആദിവാസി മേഖലയ്ക്ക് ഊന്നൽ നൽകുന്ന കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് യോഗത്തിൽ പങ്കെടുത്ത പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. ആദിവാസി മേഖലകളിൽ നിന്നുതന്നെയുള്ള 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ ഉടൻ നിയമിക്കും. കേരളത്തിൽ 1004 കേന്ദ്രങ്ങളിൽ മനുഷ്യ വന്യമൃഗ സങ്കർഷം നടക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടി മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ആദിവാസികളുടെ ജീവനും കൃഷിയും സംരക്ഷിക്കാൻ കഴിയുന്നത് ചെയ്യും. ഇതിനായി പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സനീഷ് കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ ബെന്നി ബെഹനാൻ എം പി, എംഎൽഎമാരായ കെ കെ രാമചന്ദ്രൻ, റോജി എം ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലീന ഡേവിസ്, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ്, ജനപ്രതിനിധികൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. മധ്യമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ യോഗത്തിൽ നന്ദിയും വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആർ ലക്ഷ്മി നന്ദിയും പറഞ്ഞു.

Share
അഭിപ്രായം എഴുതാം