റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാര്‍ഷിക സമൃദ്ധിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍
സഫലമാകുന്നു- മന്ത്രി പി. പ്രസാദ്

ചെങ്ങന്നൂർ: നാടിന്റെ കാര്‍ഷിക സമൃദ്ധിയെക്കുറിച്ച് ജനപ്രതിനിധികളും ജനങ്ങളും കണ്ടിരുന്ന സ്വപ്നങ്ങള്‍ സാക്ഷാത്കാരത്തിന്റെ വഴിയിലെത്തിയിരിക്കുകയാണെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. വെണ്മണി കോമൻകുളങ്ങര പാടശേഖരത്തിലെ വിവിധ പദ്ധതികളും നെല്‍കൃഷി വിതയും ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം. 

പതിറ്റാണ്ടുകളായി കൃഷിയില്ലാതിരുന്ന പാടത്താണ് ഇന്ന് വിത്തുവിതച്ചത്. ദീര്‍ഘമായ പ്രയത്നമാണ് ഇത് സാധ്യമാക്കിയത്. കാര്‍ഷിക സമൃദ്ധിക്കൊപ്പം ജലസമൃദ്ധിയും ഉറപ്പാക്കും വിധമാണ് പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത്. ക്രിയാത്മകമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൃഷിവകുപ്പിന്റെ പൂര്‍ണ പിന്തുണയുണ്ടാകും.

ജീവിത ശൈലീ രോഗങ്ങളില്‍നിന്ന് പൂര്‍ണമായും മുക്തരാകുന്നതിന് സുരക്ഷിതമായ ആഹാരക്രമം ശീലമാക്കേണ്ടതുണ്ട്. സുരക്ഷിത ആഹാരത്തിനായി ജൈവകൃഷിക്ക് പ്രധാന്യം നല്‍കണം- മന്ത്രി നിര്‍ദേശിച്ചു.

അനുഭവ സമ്പത്തുള്ള കര്‍ഷകരുടെ നിര്‍ദേശങ്ങള്‍കൂടി കണക്കിലെടുത്ത് നടപ്പാക്കുമ്പോഴാണ് കാര്‍ഷിക പദ്ധതികള്‍ വിജയം നേടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫിഷറീസ്- സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.  

സമ്പൂർണ നെൽകൃഷി പദ്ധതിയായ സമൃദ്ധിയിൽ ഉൾപ്പെടുത്തിയാണ് കോമൻകുളങ്ങര പാടശേഖരത്തില്‍ വിവിധ വികസന പരിപാടികള്‍ നടപ്പാക്കുന്നത്. എം.എല്‍.എ ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിച്ച് മൂന്നു കള്‍വര്‍ട്ടുകളുടെ നിര്‍മാണത്തിനും ഇതോടനുബന്ധിച്ച് തുടക്കം കുറിച്ചു. 

കേരള ലാന്‍ഡ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെ.എല്‍.ഡി.സി) ചെയര്‍മാന്‍ പി.വി. സത്യനേശൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ജെബിൻ പി. വർഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സി. സുനിമോൾ, ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുളാ ദേവി, ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പി.ആർ. രമേശ്‌ കുമാർ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഷേർലി സാജൻ, പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ സൗമ്യ റെനി, അനിൽ ജോർജ്, ഉമാദേവി, പഞ്ചായത്ത് അംഗം അജിത മോഹൻ, കെ.എൽ.ഡി.സി മാനേജിംഗ് ഡയറക്ടർ പി. രാജീവ്‌, കരുണ സെക്രട്ടറി എൻ.ആർ. സോമൻ പിള്ള, പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. ശ്രീരേഖ, കെ.എൽ.ഡി.സി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എസ്. സുനിജ, വാട്ടർ മാനേജ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. സഫീന, കരുണ ഫാം പ്രവര്‍ത്തകര്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *