തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കൾ കോവിഡ് രോഗികൾക്കായി മാറ്റിവെക്കാൻ ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ നിർദേശം നൽകി. സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിലെ ഓക്സിജൻ, വെന്റിലേറ്റർ സൗകര്യമുള്ള കിടക്കകൾ ഉൾപ്പെടെയുള്ളവ കോവിഡ് ചികിത്സക്കായി മാറ്റിവെക്കാനാണ് നിർദേശം.
കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികൾക്കും സഹകരണ ആശുപത്രികൾക്കുമായി ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത തുടരണം. ചെറിയ ലക്ഷണങ്ങളുള്ളവർ പോലും പരിശോധനകൾക്ക് തയാറാകണമെന്നും പൊതുയിടങ്ങളിലുൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.
എല്ലാ കോവിഡ് ചികിത്സാ കേന്ദ്രങ്ങളും കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിക്റ്റ് പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ട് യൂണിറ്റുമായി കൃത്യമായി ആശവിനിമയം നടത്തണമെന്നും ബന്ധപ്പെടുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെലഫോൺ നമ്പർ നൽകണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.



