റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: കോന്നി കെ എസ് ആര്‍ ടി സി യാഡ് നിര്‍മാണത്തിന് ഒരു കോടി രൂപാ കൂടി അനുവദിക്കും: മന്ത്രി ആന്റണി രാജു

പത്തനംതിട്ട: കോന്നി കെ എസ് ആര്‍ ടി സി ഡിപ്പോ യാഡ് നിര്‍മ്മാണത്തിനായി ഒരു കോടി രൂപ കൂടി അനുവദിക്കുമെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസി കോന്നി ഡിപ്പോ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്നോടിയായുള്ള യാഡ് നിര്‍മാണത്തിന്റെ ഉദ്ഘാടനം കോന്നി ചന്ത മൈതാനിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സാമ്പത്തിക ബുദ്ധിമുട്ടു കാരണം യാഡിന്റെ നിര്‍മാണ പ്രവര്‍ത്തനം നിലയ്ക്കുകയില്ല. പത്തനാപുരം ഡിപ്പോയില്‍ നിന്ന് കോന്നി മെഡിക്കല്‍ കോളജിലേക്ക് കോന്നി, ആനകുത്തി വഴി ജനുവരി 31 മുതല്‍ കെ എസ് ആര്‍ ടി സി പുതിയ സര്‍വീസ് ആരംഭിക്കും. മാങ്കോട്, എലിക്കോട്, അതിരുങ്കല്‍,പുളിഞ്ചാണി,കോന്നി, ആനകുത്തി വഴിയാണ് ബസ് സര്‍വീസ് നടത്തുക.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം യാഥാര്‍ഥ്യമായി. തൊഴിലാളികളില്‍ വിശ്വാസമര്‍പ്പിച്ചാണ് ഗതാഗത വകുപ്പ് മുന്‍പോട്ടു പോകുന്നത്.

ഏപ്രില്‍ മുതല്‍ ഗ്രാമ വണ്ടി പദ്ധതി പരീക്ഷണാര്‍ഥത്തില്‍ ആരംഭിക്കും. ശേഷം കേരളം മുഴുവന്‍ പദ്ധതി വ്യാപിപ്പിക്കും. കെ എസ് ആര്‍ ടി സിയാണ് ഗതാഗത വകുപ്പിന്റെ മുഖമുദ്രയെന്നും മന്ത്രി പറഞ്ഞു.എം.എല്‍.എ യുടെ അഭ്യര്‍ത്ഥന പ്രകാരം സര്‍ക്കാര്‍ അനുവദിച്ച 1.45 കോടി രൂപ ചെലവഴിച്ചാണ് യാഡ് നിര്‍മ്മാണം നടത്തുന്നത്.
യാഡ് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ ഡിപ്പോയുടെ ഉദ്ഘാടനം നടത്തി പ്രവര്‍ത്തനമാരംഭിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കണ്‍സള്‍ട്ടന്‍സിയായി എച്ച്.എല്‍.എല്‍ ആണ് പ്രവര്‍ത്തിക്കുന്നത്. കോട്ടയം കേന്ദ്രമായുള്ള കെ.എസ്.ആര്‍.ടി.സി സിവില്‍ എഞ്ചിനീയറിംഗ് വിഭാഗമാണ് നിര്‍മ്മാണ മേല്‍നോട്ടം നിര്‍വ്വഹിക്കുന്നത് കോന്നിയുടെ ദീര്‍ഘകാല സ്വപ്ന പദ്ധതിയായ കെ.എസ്.ആര്‍.ടി.സി ഡിപ്പോയാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നതെന്ന് എം.എല്‍.എ പറഞ്ഞു.കോന്നിയുടെ വികസനത്തിനു പുതിയ മുഖം നല്‍കി ഓരോ വികസന പദ്ധതികള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കി ദീര്‍ഘ വീക്ഷണതോടെയുള്ള പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടത്തുന്നത് എന്ന് എം എല്‍ എ പറഞ്ഞു.

2013 മുതല്‍ തര്‍ക്കത്തെ തുടര്‍ന്ന് മുടങ്ങി കിടന്ന പദ്ധതിയാണിത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കി പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ജനീഷ് കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ വലിയ പരിശ്രമമാണ് നടത്തിയത്. എം.എല്‍.എയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടറും കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനത്തിലൂടെയാണ് കോന്നി കെ.എസ്.ആര്‍.ടി.സി ഡിപ്പോ യാഥാര്‍ത്ഥ്യമാകുന്നത്. വൈകിട്ട് 4 മണിക്ക് കോന്നി ചന്ത മൈതാനിയില്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സമ്മേളനം നടന്നത്. ക്ഷണിക്കപ്പെട്ടവര്‍ മാത്രമാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്. അഡ്വ.കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍  ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്. അയ്യര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ. വി. നായര്‍, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, ശ്യാം ലാല്‍,സന്തോഷ് കുമാര്‍, തുളസിമണിയമ്മ പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *