റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നേതാക്കള്‍ക്കു കോവിഡ്; ദശദിനപദയാത്ര നിര്‍ത്തിവച്ച് കര്‍ണാടക കോണ്‍ഗ്രസ്

January 14, 2022 - 5:00 pm

ബംഗളുരു: 5 നേതാക്കള്‍ക്ക് കോവിഡ് പോസിറ്റാവായതിനെ തുടര്‍ന്ന് ദശദിനപദയാത്ര നിര്‍ത്തിവച്ച് കര്‍ണാടക കോണ്‍ഗ്രസ്. കാവേരി നദിയിലെ മേകേദാട്ട് അണക്കെട്ട് പദ്ധതിയെന്ന ആവശ്യം ഉയര്‍ത്തി ആരംഭിച്ച പദയാത്ര പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശാനുസരണമാണു താല്‍ക്കാലികമായി പാതിവഴിയില്‍ നിര്‍ത്തിവച്ചതെന്നു സൂചന. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള യാത്രയ്ക്കെതിരേ വിവിധ കോണുകളില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യാത്ര നിര്‍ത്തണമെന്ന് അഭ്യര്‍ഥിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിനു കത്തയയ്ക്കുകയും ചെയ്തിരുന്നു. യാത്ര നയിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വീരപ്പ മൊയ്ലി എന്നിവരടക്കം അഞ്ചു നേതാക്കള്‍ വൈറസ് ബാധിതരായതോടെ വിമര്‍ശനം ശക്തമായി. ഇതോടെ 10 ദിവസത്തെ പദയാത്ര അഞ്ചാം ദിവസമായ ഇന്നലെ നിര്‍ത്തിവയ്ക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചുദിവസത്തെ യാത്ര വന്‍ വിജയമായിരുന്നെന്നും കോവിഡ് മൂന്നാം തരംഗമുയര്‍ത്തുന്ന ഭീഷണി കണക്കിലെടുത്ത് നിര്‍ത്തുകയാണെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ അറിയിച്ചു. അതിനിടെ, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഡി.കെ. ശിവകുമാര്‍, സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള അറുപതോളം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *