ന്യൂഡൽഹി: ഇനി മുതൽ രാജ്യത്ത് കൊവിഡ് ബാധിതർ വീട്ടിൽ കഴിയേണ്ടത് ഏഴു ദിവസം മാത്രം. കാര്യമായ ബുദ്ധിമുട്ടുകൾ ഒന്നുമില്ലെങ്കിൽ എട്ടാം ദിവസം മുതൽ സാധാരണപോലെ ജോലിക്ക് അടക്കം പോകാമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്ന അറിയിപ്പ്. പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പിക്കേണ്ട കാര്യമില്ലെന്നും പുതിയ മാർഗ്ഗരേഖയിൽ വ്യക്തമാക്കുന്നു.
അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തുന്നതായി ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ നിലവില്‍ ഇതെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇവര്‍ പറയുന്നു.
നേരത്തേ ഡെല്‍റ്റ എന്ന വകഭേദമായിരുന്നു ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗത്തിന് കാരണനായത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കുമെന്നതായിരുന്നു ഡെല്‍റ്റയുടെ പ്രത്യേകത. ഡെല്‍റ്റയെക്കാള്‍ മൂന്ന് മടങ്ങിലധികം വേഗത്തില്‍ രോഗവ്യാപനം നടത്തുമെന്നതാണ് കൊവിഡ് വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണിന്റെ സവിശേഷത.
ഒമിക്രോണ്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആരംഭിച്ചുവെന്ന വിലയിരുത്തലും വന്നത്. ഇപ്പോള്‍ രണ്ടായിരത്തിലധികം ഒമിക്രോണ്‍ കേസുകള്‍ രാജ്യത്ത് സ്ഥിരീകരിച്ചുകഴിഞ്ഞു. അനൗദ്യോഗിക കണക്കുകള്‍ ഇതിലും കൂടുതലായിരിക്കും. രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചയാളുടെ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജസ്ഥാന്‍ സ്വദേശിയാണ് മരിച്ചത്.



