വാഷിങ്ടണ്‍: അമേരിക്കയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ ആഞ്ഞുവീശിയ ശക്തമായ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 80 കടന്നു. അര്‍കന്‍സാസ്, ഇല്ലിനോയിസ്, കെന്റക്കി, മിസ്സൗരി, ടെന്നെസ്സി തുടങ്ങിയ രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലാണ് ഒറ്റരാത്രികൊണ്ട് ചുഴലിക്കാറ്റ് നാശനഷ്ടങ്ങളുണ്ടാക്കിയത്. ഇതില്‍ കെന്റക്കിയിലാണ് ചുഴലിക്കാറ്റ് സംഹാരതാണ്ഡവമാടിയത്. ഇവിടെ മാത്രം 70 ലധികം പേര്‍ മരണപ്പെട്ടതായാണ് റിപോര്‍ട്ടുകള്‍. ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ നിരവധി നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. കെന്റക്കിയിലെ ഗ്രേവ്സ് കൗണ്ടിയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. അര്‍കന്‍സസില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര ഇടിഞ്ഞു വീണു ആളുകള്‍ മരിച്ചതായും ഇല്ലിനോയിസില്‍ ആമസോണിന്റെ ഗോഡൗണ്‍ തകര്‍ന്ന് ആളുകള്‍ അകത്ത് കുടുങ്ങിക്കിടക്കുന്നതായും റിപോര്‍ട്ടില്‍ പറയുന്നു. ഗോഡൗണിന് അകത്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചരിത്രത്തിലെ ‘ഏറ്റവും വലിയ’ കൊടുങ്കാറ്റ് പൊട്ടിപ്പുറപ്പെട്ടതായി പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ശനിയാഴ്ച 80 ലധികം ആളുകള്‍ മരിച്ചു. ‘ഇതൊരു ദുരന്തമാണ്- ബൈഡന്‍ ടെലിവിഷന്‍ കമന്റുകളില്‍ പറഞ്ഞു. ‘എത്ര ജീവനുകള്‍ നഷ്ടപ്പെട്ടെന്നും നാശനഷ്ടങ്ങളുടെ മുഴുവന്‍ വ്യാപ്തിയെക്കുറിച്ചും ഞങ്ങള്‍ക്ക് ഇപ്പോഴും അറിയില്ല. കെന്റക്കിയില്‍ മാത്രം 70ലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്.



