പെരുമ്പാവൂർ: ഭജനമഠത്തിന് എതിർവശമുള്ള മൊബൈൽ ഷോപ്പിൽ മോഷണം നടത്തിയ കേസിൽ രണ്ട് കുപ്രസിദ്ധ മോഷ്ടാക്കൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. തൃശ്‌നാപ്പിള്ളി അണ്ണാനഗറിൽ അരുൺ കുമാർ (28), തിരൂർ കൂട്ടായി കാക്കോച്ചിന്റെ പുരിക്കൾ വീട്ടിൽ സഫ്‌വാൻ (31 ), അരുൺകുമാറിന്റെ ഭാര്യ നെല്ലിക്കുഴി പ്ലാംകുടിവീട്ടിൽ സാമിനി (28) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.
2021 നവംബർ അഞ്ചിന് പുലർച്ചെയാണ് സംഘം മൊബൈൽ ഷോപ്പിന്‍റെ ഷട്ടർ പൊളിച്ച് അകത്തു കയറിമോഷണം നടത്തിയത്. 37 വില കൂടിയ മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ടോർച്ച്, മെമ്മറി കാർഡുകൾ എന്നിവയാണ് കവർന്നത്. തുടർന്ന് സംഘം ഒളിവിൽ പോയി. എടപ്പാൾ, താനൂർ, നേര്യമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് പോലീസ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്നും പതിമൂന്ന് ഫോൺ, സ്മാർട്ട് വാച്ച്, ടോർച്ച് എന്നിവ പലയിടങ്ങളിൽ നിന്നായി കണ്ടെടുത്തു. മോഷണ വസ്തുക്കൾ പല സ്ഥലങ്ങളിലായി വിറ്റിരിക്കുകയാണ്.
മോഷണമുതൽ സൂക്ഷിച്ചതിനാണ് സാമിനിയെ അറസ്റ്റ് ചെയ്തത്. അരുൺകുമാർ ഇരുപത്തിയഞ്ചോളം മോഷണക്കേസുകളിലും സഫ്വാൻ ഇരുപതോളം കേസുകളിലും പ്രതിയാണ്. പകൽ ബൈക്കുകളിൽ സ്ഥാപനങ്ങളിൽ എത്തി നിരീക്ഷണം നടത്തി രാത്രി മോഷണം നടത്തലാണ് ഇവരുടെ രീതി. മോഷണമുതൽ വിറ്റ് കിട്ടുന്ന തുക ആഡംബര ജീവിതത്തിനും മയക്കുമരുന്നിനുമാണ് ചെലവഴിക്കുന്നത്.
എസ് പി കെ.കാർത്തിക്, എ എസ് പി അനുജ് പലിവാൽ, ഇൻസ്‌പെക്ടർ ആർ.രഞ്ജിത്ത്, എസ് ഐ മാരായ റിൻസ്.എം.തോമസ്, അനിൽകുമാർ, എസ് സി പി ഒമാരായ പി.എ.അബ്ദുൾമനാഫ് (കുന്നത്തുനാട്), കെ.എ.നൌഷാദ്, എ.ഐ.നാദീർഷാ, എം.ബി.സുബൈർ, എ,പി.ഷിനോജ്, ശ്രീജിത്ത് രവി, ധന്യ മുരളി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.



