കോഴിക്കോട്: മുക്കം നഗരസഭയിൽ ഓക്സിലറി ഗ്രൂപ്പുകൾ ആരംഭിക്കുന്നു

കോഴിക്കോട്: യുവതലമുറയെ കുടുംബശ്രീ സംവിധാനത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓക്സിലറി ഗ്രൂപ്പുകൾ മുക്കം നഗരസഭയിലും ആരംഭിക്കുന്നു. 18 നും 40 വയസിനും ഇടയിലുള്ള യുവതികൾക്കാണ് ഓക്സിലറി ഗ്രൂപ്പിൽ അംഗത്വം ലഭിക്കുക. കുടുംബശ്രീയുടെയും നഗരസഭയുടെയും വിവിധ പദ്ധതികൾ യുവതലമുറയിലേക്ക് എത്തിക്കുക എന്നതാണ് ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യം. അതോടൊപ്പം വിവിധ  സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാനുള്ള വേദിയായും ഓക്സിലറി ഗ്രൂപ്പുകൾ പ്രവർത്തിക്കും.

ഓക്സിലറി ഗ്രൂപ്പ് രൂപീകരണവുമായി ബന്ധപ്പെട്ട് നഗരസഭാ കൗൺസിലർമാർക്കും എ ഡി എസ് ഭാരവാഹികൾക്കും പ്രത്യേക ശില്പശാല സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ പിടി ബാബു ഉദ്ഘാടനം ചെയ്തു. നവംബർ ഒന്നിന് നഗരസഭയിലെ മുഴുവൻ വാർഡിലും ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ചെയർമാൻ പറഞ്ഞു.

ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ പി കുഞ്ഞൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ.ചാന്ദ്നി, സെക്രട്ടറി എൻ.കെ ഹരീഷ് എന്നിവർ സംസാരിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ, കൗൺസിലമാർ പങ്കെടുത്തു. കുടുംബശ്രീ റിസോഴ്സ് പേഴ്സൺമാരായ സിജു പാറക്കൽ, റിയ, സിറ്റി മിഷൻ മാനേജർ മുനീർ എംപി, കമ്മ്യൂണിറ്റി കൗൺസിലർ റെജീന എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. സി ഡി എസ് ചെയർപേഴ്സൺ ബിന്ദു കെപി സ്വാഗതവും വൈസ് ചെയർപേഴ്സൺ ഷൈനി നന്ദിയും പറഞ്ഞു.

Share
അഭിപ്രായം എഴുതാം