റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുട്ടിൽ മരംമുറി കേസിലെ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം

October 1, 2021 - 8:48 am

വയനാട്: മുട്ടിൽ മരംമുറി കേസിലെ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. അഗസ്റ്റിൻ സഹോദരങ്ങൾക്കും ഡ്രൈവർ വിനീഷിനുമാണ് ബത്തേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയത്. മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. വനം വകുപ്പിന്റെ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ പ്രതികൾക്ക് പുറത്തിറങ്ങാം.

നേരത്തെ ഹൈക്കോടതി പ്രതികളുടെ ജാമ്യ ഹർജികൾ തള്ളിയിരുന്നു. റിമാൻഡ് കാലാവധി 60 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ഇവർക്ക് ജാമ്യം ലഭിച്ചത്. വെട്ടിയ ഈട്ടി തടികളെല്ലാം കണ്ടുകെട്ടിയ സാഹചര്യത്തിൽ നഷ്ടം ഉണ്ടായിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികൾ വാദിച്ചത്. മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് രജിസ്റ്റർ ചെയത കേസിലെ അന്വേഷണം ഇതിനകം പൂർത്തിയായിട്ടുണ്ട്. ഈ കേസിൽ ഉടൻ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുകയാണ് വനം വകുപ്പ്.

അതേസമയം, മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം മന്ദഗതിയിലാണ് . അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതോടെയാണ് നടപടികൾ വൈകിയത്. അന്വേഷണ ഉദ്യോഗസ്ഥനായ സുൽത്താൻ ബത്തേരി ഡിവൈഎസ്പി വി.വി ബെന്നിയെ തിരൂരിലേക്ക് സ്ഥലം മാറ്റിയതോടെയാണ് കേസ് അന്വേഷണത്തിന്റെ വേഗത കുറഞ്ഞത്. സ്ഥലം മാറ്റിയെങ്കിലും കേസിന്റെ ചുമതല വി.വി ബെന്നിക്ക് തന്നെയാണ്. വനം- റവന്യു ഉദ്യോഗസ്ഥരുടെ പങ്ക്, കുറ്റപത്രം സമർപ്പിക്കൽ തുടങ്ങിയ നടപ്പടികൾ ബാക്കി നിൽക്കെയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം. പുതിയ സുൽത്താൻ ബത്തേരി ഡിവൈ.എസ്.പിയായി ചുമതലയേറ്റ ടി.പി. ജേക്കബിനെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുമില്ല.

അതിനിടെ, മുട്ടിൽ മരം മുറി കേസിൽ സസ്പെൻഡ് ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. ലക്കിടി ചെക്ക് പോസ്റ്റിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.എസ് വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശ്രീജിത്ത് എന്നിവരെയാണ് തിരിച്ചെടുത്തത്. ചെക്ക് പോസ്റ്റിൽ വേണ്ടത്ര പരിശോധന നടത്താതെ ഈട്ടി മരം കൊണ്ടുവന്ന ലോറി കത്തിവിട്ടതിനാണ് ഇവരെ നേരത്തെ സസ്പെൻഡ് ചെയ്തത്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *