അറഫാ സംഗമം ജൂലൈ 19 ന്

മക്ക: ഹജ്ജ് കര്‍മത്തിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂലൈ 19 ന് നടക്കും. ഉച്ചയ്ക്കാണ് അറഫാ സംഗമം. മസ്ജിദുന്നമിറയില്‍ നടക്കുന്ന പ്രഭാഷണത്തോടെയാണ് അറഫാ സംഗമത്തിന് തുടക്കമാവുക. അറഫാ സംഗമത്തില്‍ പങ്കെടുക്കാനായി ഹാജിമാരെല്ലാം പ്രഭാത നമസ്‌കാരത്തിനുശേഷം മിനായില്‍നിന്ന് അറഫയിലേക്ക് പുറപ്പെട്ട് തുടങ്ങി. 150ലേറെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 60,000 ഹാജിമാര്‍ അറഫയില്‍ സംഗമിക്കും. ആയിരത്തോളം മലയാളി ഹാജിമാരും പങ്കെടുക്കുന്നുണ്ട്. 3,000 ബസ്സുകളിലാണ് ഹാജിമാര്‍ അറഫയിലേക്ക് നീങ്ങുന്നത്.
അറഫാ മൈതാനിയില്‍ തീര്‍ത്ഥാടകര്‍ സംഗമിക്കുന്നതോടെ ഹജ്ജ് ചെയ്തവരായി പരിഗണിക്കും. എങ്കിലും അവശേഷിക്കുന്ന കര്‍മങ്ങള്‍കൂടി ഹാജിമാര്‍ നിര്‍വഹിക്കും. പ്രവാചകന്‍ മുഹമ്മദ് നബിയുടെ വിടവാങ്ങല്‍ പ്രഭാഷണം അനുസ്മരിച്ച്, മക്ക ഹറം പള്ളിയിലെ ഇമാമും ഖത്തീബുമായ ഡോ. ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് ബലില്ല അറഫാ പ്രഭാഷണം നിര്‍വഹിക്കും.

Share
അഭിപ്രായം എഴുതാം