കൊല്‍ക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പ് സഖ്യവുമായി ബന്ധപ്പെട്ട് ജൂലായ് 25ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൂടികാഴ്ച നടത്തും. പശ്ചിമ ബംഗാളില്‍ മമത മൂന്നാം തവണയും അധികാരത്തിലെത്തിയത് മുതല്‍ അവര്‍ അടുത്ത ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന്റെ നേതൃനിരയിലേക്ക് എത്തുമെന്ന് അഭ്യൂഹം നില്‍ക്കുകയാണ്. ഡല്‍ഹിയില്‍ എത്തുന്ന മമത, സോണിയ ഗാന്ധിക്ക് പുറമെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, എസ്.പി നേതാവ് അഖിലേഷ് യാദവ്, ആം ആദ്മി തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തിയേക്കും. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടയിലാണ് മമത ഡല്‍ഹിയില്‍ എത്തുക. ജൂലായ് 19ന് ആണ് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുക.
