ടെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. സമാധാന ചർച്ചകൾക്കിടെ ലെബനനിൽ ഇസ്രയേൽ നടത്തിയ ശക്തമായ ആക്രമണത്തിൽ പ്രതിഷേധിച്ച് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തൽ നിലവിൽ വന്ന് 24 മണിക്കൂർ തികയും മുൻപാണ് ഈ നിർണായക നീക്കം..
വെടിനിർത്തൽ കരാർ അനിശ്ചിതത്വത്തിലായി
പാകിസ്ഥാന്റെ സഹകരണത്തോടെ അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തിയ വെടിനിർത്തൽ കരാർ ഇതോടെ അനിശ്ചിതത്വത്തിലായി. ഇറാനുമായുള്ള വെടിനിർത്തൽ കരാർ ലെബനനിലെ സൈനിക നീക്കങ്ങളെ ബാധിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ലെബനനിൽ ആക്രമണം തുടർന്നതാണ് ഇറാനെ പ്രകോപിപ്പിച്ചത്.
ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് രാജ്യം വിടാൻ ഇന്ത്യൻ എംബസിയുടെ നിർദേശം
ലോകത്തെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന പാത അടച്ചതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. സമാധാന ചർച്ചകൾക്കായി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള സംഘം ഇസ്ലാമാബാദിലേക്ക് തിരിക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങൾ. സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് രാജ്യം വിടാൻ ഇന്ത്യൻ എംബസി നിർദേശിച്ചിരുന്നു. സുരക്ഷാ സാഹചര്യം വിലയിരുത്തി അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
