സുല്‍ത്താന്‍ ബത്തേരി : മീനങ്ങാടി ടൗണിലും കരണി പ്രദേശത്തും പുലിയിറങ്ങിയതായുളള സംശയത്തില്‍ ആശങ്ക തുടരുന്നു. അമ്പത്തിനാലാം മൈലില്‍ പുലിയെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു.2021 ജൂലൈ 13 ചൊവ്വാഴ്‌ച പുലര്‍ച്ചെ ദേശീയപാതയോട് ചേര്‍ന്നുളള വീടിന് മുന്നിലൂടെ പുലി നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസി ടിവി യില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യം ലഭിച്ചെങ്കിലും പുലിയോ കടുവയോ എന്ന വ്യക്തമല്ല. ഇത് കടുവയാകാനുളള സാധ്യതയും ഉണ്ടെന്ന് ചിലര്‍ പറയുന്നു.
പുലര്‍ച്ചെ ഇതുവഴി കടന്നുപോയ ടിപ്പര്‍ലോറി ഡ്രൈവര്‍ സംശയമുന്നയിച്ചതിനെ തുടര്‍ന്നാണ് സിസിടിവി പരിശോധിച്ചത്.ഇതേതുടര്‍ന്ന് വനം വകുപ്പുദ്യോഗസ്ഥര്‍ പരിശോധന നടത്തി. ടൗണിലുളളവരോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടു. മീനങ്ങാടിക്കടുത്ത പ്രദേശമായ കരണിയിലും പരിസര പ്രദേശങ്ങളിലും ആഴ്‌ചകള്‍ക്കുമുമ്പ് പുലിയെത്തിയിരുന്നു. കല്ലഞ്ചിറ, ആലുവയല്‍കുന്ന്, കരണി.താഴെകരണി എന്നീ പ്രദേശങ്ങളിലെല്ലാം പരിശോധന നടത്തിയിട്ടും പുലിയുടെ കാല്‍പ്പാടുകളോ മറ്റോ കണ്ടെത്താനായില്ല.
അതേസമയം കണ്ടെത്തിയ കാല്‍പ്പാടുകല്‍ പുലിയുടെതല്ലെന്നായിരുന്നു വനം വകുപ്പിന്റെ വിശദീകരണം. പ്രദേശത്ത് ധാരാളം കാടുപിടിച്ചുകിടക്കുന്ന തോട്ടങ്ങളുണ്ട്. പകല്‍ തോട്ടങ്ങലില്‍ താവളമടിക്കുന്ന വന്യമൃഗങ്ങള്‍രാത്രികാലങ്ങളില്‍ ഇരതേടാന്‍ ഇറങ്ങുകയാണ്. മീനങ്ങാടിക്ക് സമീപമുളള ബീനാച്ചി എസ്റ്റേറ്റ് വര്‍ഷങ്ങളായി കാടുപിടിച്ചുകിടക്കുന്ന ഒന്നാണ്. ഇവിടെ കടുവ അടക്കമുളള മൃഗങ്ങള്‍ ഉളളതായി വനം വകുപ്പുതന്നെ മുമ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
