റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കടൽക്ഷോഭം തടയാൻ ഒൻപതു ജില്ലകൾക്കായി 10 കോടി

May 25, 2021 - 4:46 pm

തിരുവനന്തപുരം: തീരദേശ ജില്ലകളിലെ കടൽക്ഷോഭം തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനായി ഒൻപതു ജില്ലകൾക്കായി 10 കോടി രൂപ അനുവദിച്ചു. കേരളത്തിലെ തീരദേശ ജില്ലകളിലെ കടൽക്ഷോഭവും വരാൻ പോകുന്ന വർഷ കാലവുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങൾ ചർച്ചചെയ്യാൻ വ്യവസായമന്ത്രി പി. രാജീവ്, ഫിഷറീസ്-സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ, ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, ഗതാഗതമന്ത്രി ആന്റണി രാജു എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അനുവദിച്ച തുകയിൽ എറണാകുളം ജില്ലക്കായി രണ്ടുകോടി രൂപ വകയിരുത്തി.

തീരസംരക്ഷണത്തിനായി ടെട്രാപോഡ് ഉപയോഗപ്പെടുത്തിയുള്ള സംരക്ഷണകവചം നിർമിക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കാൻ മന്ത്രിമാർ യോഗത്തിൽ നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികൾ ഒരു മാസത്തിനുള്ളിൽ തീർക്കാൻ തീരുമാനമായി. ഇക്കാര്യത്തിന് ഇറിഗേഷൻ സി.ഇ.ഒയെയും ഐ.ഡി.ആർ.ബി ഡയറക്ടറെയും ചുമതലപ്പെടുത്തി.

ചെല്ലാനം തീരദേശ നിവാസികൾ നേരിടുന്ന എല്ലാതല പ്രശ്നങ്ങളും പഠിച്ച് ചെല്ലാനത്തെ മാതൃകാ തീരദേശ ഗ്രാമമാക്കുന്നതിനുള്ള പദ്ധതി തയാറാക്കാൻ വിവിധ സർക്കാർ വകുപ്പുകളെയും കൊച്ചിയിലെ സർവകലാശാലകളെയും ചുമതല ഏൽപ്പിക്കും. എല്ലാ തീരദേശ ജില്ലകളിലെയും മന്ത്രിമാരെ പങ്കെടുപ്പിച്ചുള്ള യോഗം മെയ് മാസം 27നുള്ളിൽ നടത്തും.

വർഷകാലം മുന്നിൽകണ്ട് എല്ലാ ജില്ലകൾക്കുമായി അനുവദിച്ച 35 ലക്ഷം വീതമുള്ള പ്രവൃത്തികൾ അടിയന്തിരമായി പൂർത്തീകരിക്കണം. ചെല്ലാനത്തെ തീരസംരക്ഷണത്തിനായി 16 കോടിയുടെ പദ്ധതി ഒരു മാസത്തിനകം ടെണ്ടർ നടപടികൾ പൂർത്തിയാക്കാനും തീരുമാനിച്ചു. യോഗത്തിൽ എം.എൽ.എമാരായ പി.പി ചിത്തരഞ്ജൻ, കെ.ജെ. മാക്സി, അഡീ: ചീഫ് സെക്രട്ടറി ടി.കെ ജോസ് തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *