പത്തനംതിട്ട: കോവിഡ് 19: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കണം: ജില്ലാ കളക്ടര്‍

പത്തനംതിട്ട: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കണ്‍ട്രോള്‍ റൂം ഉടന്‍ ആരംഭിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെന്നീര്‍ക്കര, കടമ്പനാട്, മെഴുവേലി, പെരിങ്ങര എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ ഒരു ആംബുലന്‍സ് വീതം വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഇത്തരത്തില്‍ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി ആംബുലന്‍സ് ക്രമീകരിക്കുന്നത് ഉപകാരപ്രദമാകും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കണ്‍ട്രോള്‍ റൂം സഹായം തേടാം. അതിഥി തൊഴിലാളികളുടെ ഭക്ഷണം, രോഗം സ്ഥിരീകരിച്ചാല്‍ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കല്‍ തുടങ്ങിയവ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്രമീകരിക്കണം.

ആവശ്യമെങ്കില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കണം. കോണ്‍ട്രാക്ടര്‍മാരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അതിഥി തൊഴിലാളികളുടെ ആവശ്യങ്ങള്‍ കോണ്‍ട്രാക്ടര്‍ തന്നെ ഏറ്റെടുക്കണം. രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരുന്ന ജില്ലയിലെ എല്ലാ നഗരസഭകളിലും കര്‍ശന നിയന്ത്രണം ആവശ്യമാണ്. ലോക്ക് ഡൗണിന്റെ കാലയളവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഞ്ചരിക്കുന്നതിനായി വാഹന സൗകര്യം ഒരുക്കാനുള്ള നടപടി സ്വീകരിക്കും. ലൈസന്‍സുകള്‍ ഉള്ള അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്ന് പ്രവര്‍ത്തിച്ചാല്‍ മതിയാകുമെന്നും യോഗത്തില്‍ തീരുമാനമായി.

ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍, ഡിഡിപി എസ്.ശ്രീകുമാര്‍, തഹസീല്‍ദാര്‍മാര്‍, ലേബര്‍ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം