തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കുമ്പോൾ സംസ്ഥാന ബി ജെ പിയിലെ ശീതയുദ്ധങ്ങൾ കൂടുതൽ തീവ്രമാകുന്നതായി റിപ്പോര്‍ട്ട്.
ഇരു ചേരിയിൽ നിൽക്കുന്ന ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ശോഭ സുരേന്ദ്രനും പുതിയ പോർമുഖം തുറന്നത് കഴക്കൂട്ടത്തെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയാണെന്നാണ് പുതിയ സൂചനകൾ. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനെ മത്സരിപ്പിച്ചാൽ സംസ്ഥാന അധ്യക്ഷ സ്ഥാനം തന്നെ രാജിവയ്ക്കുമെന്ന് കെ സുരേന്ദ്രൻ ഭീഷണി മുഴക്കിയെന്നാണ് ശോഭാ സുരേന്ദ്രൻ പക്ഷം ആരോപിക്കുന്നത്.
സുരേന്ദ്രന്റെ സമ്മർദ്ധത്തിനു വഴങ്ങി ശോഭാ സുരേന്ദ്രനെ ചാത്തന്നൂരിൽ മത്സരിപ്പിക്കാനാകും ബി ജെ പി ശ്രമിക്കുക. എന്നാൽ കഴക്കൂട്ടം സീറ്റ് ലഭിച്ചില്ലെങ്കിൽ മത്സരിക്കാനില്ലെന്നാണ് ശോഭാ സുരേന്ദ്രൻ അറിയിച്ചിരിക്കുന്നത്.
ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് നിര്‍ത്തണമെന്നത് ബിജെപി ദേശീയ നേതൃത്വത്തിന്റെ ആവശ്യമായിരുന്നു. എന്നാൽ ഇതിനെതിരെ കെ സുരേന്ദ്രനോടൊപ്പം കേന്ദ്ര മന്ത്രി വി. മുരളീധരനും രംഗത്തു വന്നു. കഴക്കൂട്ടത്ത് കോൺഗ്രസ് വിട്ടു വരുന്ന ശക്തനായ സ്ഥാനാർത്ഥിയെ നിർത്തണമെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്.



