ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങളും ടോളും ഏർപ്പെടുത്തി ഇറാൻ. നിയന്ത്രണങ്ങൾക്കായി പേർഷ്യൻ ഗൾഫ് സ്ട്രൈറ്റ് അതോറിറ്റി എന്ന പുതിയ സംവിധാനത്തിന് ഇറാൻ രൂപം നൽകി. ഇനിമുതൽ ഈ പാതയിലൂടെ കടന്നുപോകുന്ന കപ്പലുകൾ മുൻകൂർ അനുമതി വാങ്ങുകയും ടോൾ നൽകുകയും വേണം.
ആഗോള വിപണിയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയേക്കാം
ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഈ പാതയിൽ ഇറാൻ പിടിമുറുക്കുന്നത് ആഗോള വിപണിയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയേക്കാം. ഷിപ്പിംഗ് ജേണലായ ‘ലോയ്ഡ്സ് ലിസ്റ്റ്’ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ ആഗ്രഹിക്കുന്ന കപ്പലുകൾ ‘വെസ്സൽ ഇൻഫർമേഷൻ ഡിക്ലറേഷൻ’ എന്ന ഫോം പൂരിപ്പിച്ചു നൽകണം. ഇതിൽ കപ്പലിനെക്കുറിച്ചുള്ള 40-ലധികം വിവരങ്ങൾ നൽകേണ്ടതുണ്ട്:
ഉടമസ്ഥാവകാശം: കപ്പലിൻ്റെ ഉടമകൾ, ഇൻഷുറൻസ് വിവരങ്ങൾ.
ജീവനക്കാർ: കപ്പലിലെ ജീവനക്കാരുടെ ദേശീയത ,കപ്പൽ എവിടെ നിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു, സഞ്ചാരപഥം തുടങ്ങിയവ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകേണ്ടിവരും . അമേരിക്കയുമായുള്ള തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, അമേരിക്കൻ ഉപരോധങ്ങളെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് ഈ പാതയിലൂടെയുള്ള യാത്ര ദുഷ്കരമാകുമെന്ന് ഇറാൻ സൈനിക ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
ഇന്ത്യയും പാകിസ്താനും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് പ്രത്യേക അനുമതി ലഭിച്ചേക്കും
ഇന്ത്യയും പാകിസ്താനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ കപ്പലുകളുടെ സുരക്ഷിതമായ യാത്രയ്ക്കായി ഇറാനുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളുടെ കപ്പലുകൾക്ക് പ്രത്യേക അനുമതി ലഭിച്ചേക്കുമെന്നാണ് സൂചന. അമേരിക്കയോ ഇസ്രയേലോ ആയി ബന്ധമുള്ള കപ്പലുകളെ ഈ വഴി കടത്തിവിടില്ലെന്ന് ഇറാൻ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.”
.