റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: നൂര്‍ബിന റഷീദിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കോഴിക്കോട് മുസ്ലിം ലീഗില്‍ പൊട്ടിത്തെറി. ലീഗിന്റെ കോഴിക്കോട് സൗത്ത് മണ്ഡലം ഭാരവാഹികള്‍ നൂര്‍ബിനയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്തെത്തി. സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

ഇക്കാര്യം 13/03/21 ശനിയാഴ്ച പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന് ആവശ്യപ്പെടാനാണ് മണ്ഡലം കമ്മറ്റിയുടെ നീക്കം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടാനും നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ കമ്മറ്റികള്‍ ചര്‍ച്ച നടത്തുകയാണ്.

25 വര്‍ഷങ്ങള്‍ക്കുശേഷമാണ് ലീഗ് ഒരു വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയാണ് നൂര്‍ബിന റഷീദ്. 1996ലാണ് ആദ്യമായി പഴയ കോഴിക്കോട് മണ്ഡലത്തില്‍ നിന്നും ലീഗ് ഒരു വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നത്. വനിതാ ലീഗ് മുന്‍ അധ്യക്ഷ ഖമറുന്നീസ അന്‍വറിനാണ് അന്ന് നറുക്കുവീണത്. സംസ്ഥാന സാമൂഹികകേഷേമ ബോര്‍ഡ് അധ്യക്ഷയായിരുന്ന അവര്‍ ആ പദവി രാജിവെച്ചാണ് പോരാട്ടത്തിനിറങ്ങിയത്. അന്ന് റിസള്‍ട്ട് വന്നപ്പോള്‍ ലീഗ് കോഴിക്കോട് രണ്ടില്‍ പരാജയത്തിന്റെ കയ്പ്പറിഞ്ഞിരുന്നു. എളമരം കരീമിനോട് അന്ന് ഖമറുന്നീസ പരാജയപ്പെടുകയായിരുന്നു. പിന്നീട് നീണ്ട 25 വര്‍ഷക്കാലം ലീഗ് വനിതകളെ മുന്നില്‍നിര്‍ത്തി ഒരു ഭാഗ്യപരീക്ഷണം വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.

ഇത്തവണ ലീഗിന് വനിതാ സ്ഥാനാര്‍ഥിയുണ്ടാകുമെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോഴിക്കോട് നോര്‍ത്തില്‍ തന്നെ വീണ്ടും വനിതയെ പരീക്ഷിക്കുന്നതിനെതിരെ പല സംഘടനകളും മുന്നോട്ടുവന്നിരുന്നു. 1996ലെ വനിതാ സ്ഥാനാര്‍ഥിയുടെ പരാജയത്തിനും ചില യാഥാസ്ഥിതിക വിഭാഗത്തിന്റെ എതിര്‍പ്പ് തന്നെയാണ് കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *