ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ ജീവഹാനിയോ ഗുരുതരമായ പരിക്കോ പറ്റിയവര്‍ക്കുളള നഷ്ട പരിഹാരം കണക്കാക്കുമ്പോള്‍ ഭാവി കൂടി കണക്കിലെടുക്കണമെന്ന് സുപ്രീം കോടതി . വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ കാര്‍ത്തിക് സുബ്രമണ്യന്‍ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ണ്ണായകമായ കോടതി വിധി. അപകടത്തില്‍ 40 ശതമാനം അംഗവൈകല്യം സംഭവിച്ച കാര്‍ത്തിക്കിന് 3.4 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്ന് ഹൈക്കോടതിയില്‍ നിന്ന് വിധി സമ്പാദിച്ച ഇന്‍ഷ്വറന്‍സ് കമ്പനിയോട് 21,60,000രൂപകൂടി അധികമായി നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. എട്ടാഴ്ച്ചക്കകം തുക കൊടുത്തുതീര്‍ക്കണമെന്നും വിധിയില്‍ വ്യക്തമാക്കി.



