വന്യമൃഗങ്ങളെ വേട്ടയാടി വില്‍ക്കുന്ന സംഘത്തിലെ 4 പേര്‍ അറസ്റ്റിലായി

പത്തനാപുരം: വന്യമൃഗങ്ങളെ വേട്ടയാടി വില്‍ക്കുന്ന സംഘത്തിലെ 4 പേര്‍ പത്തനാപുരത്ത് അറസ്റ്റിലായി. കറവൂര്‍ സ്വദേശി അനില്‍ശര്‍മ, സന്ന്യാസിക്കോണ്‍ സ്വദേശി ഷാജി, ഏറെ സ്വദേശികളായ ജയകുമാര്‍, പ്രദീപ് എന്നിവരാണ് അറസ്റ്റിലായത്. വനം വകുപ്പ് ഫ്‌ളൈംഗ് സ്‌ക്വാഡിന്‍റെ പരിശോധനക്കിടെ അലിമുക്ക് കറവൂര്‍ പാതയില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രണ്ട് മ്ളാവുകളുടെ അവശിഷ്ടങ്ങളും, ലേസര്‍ ഘടിപ്പിച്ച തോക്കടക്കം ആയുധങ്ങളും, അമ്പും വില്ലും, കൊച്ചുപിച്ചാത്തി മുതല്‍ വടിവാള്‍ വരെയുളള മൂര്‍ച്ചയേറിയ പലയിനം ഉപകരണങ്ങളും, വെടിയുണ്ട തുടങ്ങിയവയും ഉള്‍പ്പെടെയാണ് അറസറ്റ്.

ഇവര്‍ വേട്ട സംഘത്തിലെ ചെറിയ കണ്ണികള്‍ മാത്രമാണെന്ന് വനംവകുപ്പ് പറയുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഞ്ചല്‍ മേഖലയിലെ ചില വീടുകളില്‍ വനംവകുപ്പ് പരിശോധന നടത്തി. ഇവിടെ നിന്ന് പിടിച്ചെടുത്ത ഇറച്ചി ഡിഎന്‍എ പരിശോധനക്കയച്ചു. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് മുളളന്‍പന്നിയെ വേട്ടയാടിയ കേസിലും ഇവര്‍ പ്രതികളാണെന്ന് വനംവകുപ്പ് അറിയിച്ചു. സംഘത്തിലെ മറ്റുളളവര്‍ക്കായി അന്വേഷണം ആരംഭിച്ചു.

Share
അഭിപ്രായം എഴുതാം