ന്യൂഡല്‍ഹി: ഡിജിറ്റല്‍ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്‌കോയിനിന്റെ മൂല്യം കുതിച്ചുയരുകയാണ്. കഴിഞ്ഞ ആഴ്ച ഒരു ബിറ്റ്കോയിന് 30000 ഡോളര്‍ എന്ന നിലവാരത്തില്‍വരെ എത്തിയിരുന്നു. അതിനൊപ്പം ലോകം മുഴുവന്‍ ആശങ്കയും നിറഞ്ഞിട്ടുണ്ട്. രാജ്യങ്ങളുടെ സാമ്പത്തിക ക്രമത്തെ ബാധിക്കുന്ന വിധം ബാങ്കുകള്‍ അടക്കമുള്ളവ ബിറ്റ് കോയിനില്‍ നിക്ഷേപം നടത്തുന്നതാണ് ഈ ആശങ്കയ്ക്ക് കാരണം. ബിറ്റ്കോയിന്‍ പോലുള്ള സ്വകാര്യ ഡിജിറ്റല്‍ കറന്‍സികള്‍ തീവ്രവാദ സംഘടനകളടക്കം വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ടെന്ന വിലയിരുത്തലാണ് മറ്റൊരു പ്രശ്‌നം. ഈ അവസരത്തില്‍ ബിറ്റ്കോയിന്‍ പോലുള്ള സ്വകാര്യ ക്രിപ്റ്റോകറന്‍സികള്‍ക്ക് നിരോധനമേര്‍പ്പെടുത്താനൊരുങ്ങുകയാണ് ഇന്ത്യ. ക്രിപ്‌റ്റോകറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഡിജിറ്റല്‍ കറന്‍സി ബില്‍ ബജറ്റില്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇത്തരം ക്രിപ്റ്റോകറന്‍സികളുടെ ഇടപാടുകള്‍ക്ക് ഇന്ത്യയില്‍ സാധുതയില്ലെങ്കിലും ബജറ്റില്‍ നിയമം കൊണ്ടുവന്ന് നിരോധനം അരക്കിട്ട് ഉറപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. അതേസമയം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗികമായി ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുമെന്നും സൂചനയുണ്ട്.
ആര്‍.ബി.ഐ. തന്നെ ഡിജിറ്റല്‍ കറന്‍സി മേഖലയിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ ക്രിപ്‌റ്റോകറന്‍സി സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിന് ബില്ലില്‍ ഇളവുകളുമുണ്ടാകും. ഒരു രാജ്യത്തിന്റെയും കേന്ദ്ര ബാങ്കുകളുടേയും പിന്‍ബലമില്ലാതെ നടക്കുന്ന ഇത്തരം ക്രിപ്റ്റോകറന്‍സികളുടെ ഇടപാടിലേര്‍പ്പെടുന്നവര്‍ക്ക് ഇന്ത്യ 2019 മദ്ധ്യത്തോടെ 10 വര്‍ഷം തടവും പിഴയും പ്രഖ്യാപിച്ചിരുന്നു. ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ നടത്തുന്ന വ്യക്തികളുമായും സംരംഭങ്ങളുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നു ബാങ്കിങ്, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 2018 ഏപ്രിലില്‍ ആര്‍.ബി.ഐ. നിര്‍ദ്ദേശം നല്‍കിയിരുന്നു.
മൂല്യം കുതിച്ചുയര്‍ന്നിട്ട് കാര്യമില്ല: ക്രിപ്റ്റോകറന്‍സി വിലക്കാന്‍ ആര്‍.ബി.ഐ.
