റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദുരിതാശ്വാസ അഭയ കേന്ദ്രം ഏത് സാഹചര്യത്തെയും നേരിടാന്‍ പര്യാപ്തം : മന്ത്രി ഇ ചന്ദ്രശേഖരന്‍

January 29, 2021 - 9:38 pm

കൊല്ലം :ഏത് ദുരന്ത സാഹചര്യങ്ങളെയും നേരിടാന്‍ തഴവയില്‍ നിര്‍മിച്ച ദുരിതാശ്വാസ അഭയ കേന്ദ്രം പര്യാപ്തമാണെന്ന് റവന്യൂദുരന്ത നിവാരണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി കൊല്ലം തഴവയില്‍ നിര്‍മിച്ച ദുരിതാശ്വാസ അഭയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ദുരന്ത മേഖലകളിലുള്ളവരെ പുനരധിവസിപ്പിക്കാന്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. പലപ്പോഴും ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുന്നത് സ്‌കൂളുകളിലാണ്. ഇതുമൂലം ആഴ്ചകളോളം വിദ്യാലയങ്ങള്‍ അടഞ്ഞുകിടന്ന് അധ്യയനം നഷ്ടമാകാറുണ്ട്. ദുരന്തബാധിതരെ മാറ്റിപ്പാര്‍പ്പിക്കാനായി പ്രത്യേക കെട്ടിടത്തിന്റെ  ആവശ്യകത മുന്നില്‍ കണ്ടാണ് ഇത്തരമൊരു സംരംഭത്തിനു സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. ദുരന്തനിവാരണത്തിന്റെ  ചുമതല വഹിക്കുന്ന ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തിലായിരിക്കും കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. അഭയകേന്ദ്രം പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ജാഗ്രതയോടെയുള്ള ഇടപെടല്‍ കേന്ദ്രത്തിന്റെ സംരക്ഷണ സംബന്ധമായ  കാര്യത്തില്‍ ഉണ്ടാകണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

  ആര്‍ രാമചന്ദ്രന്‍ എം എല്‍ എ അധ്യക്ഷനായി. ആയിരത്തോളം പേര്‍ക്ക് ഒരുമിച്ച് താമസിക്കാനുള്ള സൗകര്യമാണ് അഭയകേന്ദ്രത്തില്‍ ഒരുക്കിയിട്ടുള്ളത്. ചുഴലിക്കാറ്റിനെയും മറ്റു പ്രകൃതിക്ഷോഭങ്ങളെയും അതിജീവിക്കാന്‍ ഉതകുന്ന തരത്തിലാണ് കെട്ടിടത്തിന്റെ  നിര്‍മാണരീതി.

തീരപ്രദേശത്തുനിന്നും 10 കിലോമീറ്റര്‍ മാറി, സര്‍ക്കാര്‍ ഭൂമിയിലാണ് അഭയകേന്ദ്രം നിര്‍മിച്ചത്. കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെ മൂന്നരക്കോടി രൂപ ചെലവിട്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. സ്ത്രീകള്‍ക്കും  പുരുഷ•ാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക താമസ സൗകര്യങ്ങള്‍, ശുചിമുറികള്‍, കുട്ടികള്‍ക്കുള്ള സൗകര്യങ്ങള്‍, പൊതു അടുക്കള എന്നിവയാണ് മൂന്ന് നിലകളുള്ള കെട്ടിടത്തില്‍ സജ്ജമാക്കിയിട്ടുള്ളത്.

അഭയ കേന്ദ്രത്തിന്റെ  നടത്തിപ്പിനായി തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ ഷെല്‍ട്ടര്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രവര്‍ത്തിക്കും. പ്രകൃതിക്ഷോഭം ഇല്ലാത്ത സമയങ്ങളില്‍ കേന്ദ്രത്തിന്റെ  പ്രവര്‍ത്തനം സംബന്ധിച്ച് ഷെല്‍റ്റര്‍ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനങ്ങള്‍ കൈക്കൊള്ളും.

  ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി സദാശിവന്‍,  ജില്ലാ പഞ്ചായത്ത് അംഗം ഗേളി ഷണ്മുഖന്‍, തഴവ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *