റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എ. എൻ. ഷംസീർ എംഎൽഎ യുടെ ഭാര്യയെ കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമിച്ചതിനു പിന്നിൽ വഴിവിട്ട നീക്കമെന്ന് ആക്ഷേപം

January 26, 2021 - 10:23 am

കോഴിക്കോട്: എ. എൻ. ഷംസീർ എംഎൽഎ യുടെ ഭാര്യയെ കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമിക്കുന്നതിന് പത്തുവർഷം മുൻപ് കാലിക്കറ്റിൽ നിന്ന് വിരമിച്ച ഷംസീറിന്റെ ഭാര്യയുടെ അധ്യാപകനെ തന്നെ ഇന്റർവ്യൂ ബോർഡിൽ ഉൾപ്പെടുത്തി റാങ്ക് നൽകിയതായി ഗവർണർക്ക് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഗവർണർക്ക് പരാതി നൽകിയത്. ജനുവരി 30ന് ചേരുന്ന സിൻഡിക്കേറ്റ് യോഗം നിയമനത്തിന് അംഗീകാരം നൽകുമെന്നാണ് സൂചന.

ഷംസീറിന്റെ ഭാര്യ ഷഹാല ഷംസീറിന് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അടുത്തകാലത്ത് നൽകിയ നിയമനം വിവാദമാവുകയും പിന്നീട് കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

കാലിക്കറ്റ്‌ സർവ്വകലാശാലയുടെ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവുകളിലെ നിയമനത്തിന് നടന്ന ഇന്റർവ്യൂവിൽ ഒന്നാമത്തെ റാങ്ക് മുൻ എസ് എഫ് ഐ നേതാവും ഇപ്പോൾ ഡി.വൈ. എഫ്. ഐ മങ്കട ഏരിയ സെക്രട്ടറിയുമായ അബ്ദുള്ള കെ. നവാസിന്റെ ഭാര്യ റീഷ കാരളിക്കാണ്. രണ്ട് ഒഴിവുകളാണ് ഈ വകുപ്പിൽ ഉള്ളത്. ഒന്നാമത്തെ റാങ്ക് മെരിറ്റിലും രണ്ടാമത്തെ റാങ്ക് മുസ്ലിം സംവരണാടിസ്ഥാനത്തിൽ ഷംസീറിന്റെ ഭാര്യ ഷഹാല ഷംസീറിനുമാണ് നൽകിയിട്ടുള്ളത്.

എഴുപതോളം അപേക്ഷകരിൽ നിന്ന് 40 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. 38 പേർ ഇന്റർവ്യൂവിന് ഹാജരായി. ഉയർന്ന അക്കാദമികയോഗ്യതകളും, ഗവേഷണ പ്രസിദ്ധീകരണങ്ങളും സർവകലാശാലകളിലും കോളേജുകളിലും അധ്യയന പരിചയവുമുള്ള നിരവധി അപേക്ഷകർക്ക് ഇന്റർവ്യൂവിൽ കുറഞ്ഞ മാർക്കുകൾ നൽകി അവരെ റാങ്ക് പട്ടികയിൽ നിന്നും ഒഴിവാക്കിയാണ് നേതാക്കന്മാരുടെ ഭാര്യമാരുടെ നിയമനം ഉറപ്പിച്ചത്. യോഗ്യരായ പലരെയും മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ഷോർട്ട് ലിസ്റ്റിംഗിൽ നിന്ന് ഒഴിവാക്കിയാണ് അക്കാദമിക യോഗ്യത കുറഞ്ഞവരെ തിരുകിക്കയറ്റിയത് എന്ന പരാതിയുമായി തഴയപ്പെട്ട ഉദ്യോഗാർത്ഥികൾ രംഗത്തെത്തിയിട്ടുണ്ട്.

ഷംസീറിന്റെ ഭാര്യയുടെ ഗവേഷണ പ്രബന്ധത്തിന്റെ മേൽനോട്ടം വഹിച്ച കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ മുൻ അധ്യാപകനായിരുന്ന ഡോക്ടർ. പി.കേളുവിനെ തന്നെ വിസി കാലേകൂട്ടി പ്ലാൻ ചെയ്താണ് ഇന്റർവ്യൂ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്ന് ആരോപണമുണ്ട്.യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ വകുപ്പ് മേധാവി തന്നെ ഇന്റർവ്യൂ ബോർഡിലുള്ളപ്പോൾ അവിടെ നിന്ന് വിരമിച്ച അധ്യാപകനെ വിഷയ വിദഗ്ധൻ എന്ന നിലയിലാണ് ഇന്ററവ്യൂ ബോർഡിൽ ഉൾപ്പെടുത്തിയത്. ഗവേഷണ മേൽനോട്ടം വഹിച്ച വ്യക്തി, തന്റെ ഗവേഷക വിദ്യാർഥി പങ്കെടുക്കുന്ന ഇന്റർവ്യൂവിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാത്തത് നിയമനത്തെ സ്വാധീനി ക്കുന്നതിനാണെന്നും ആക്ഷേപമുണ്ട്.

യോഗ്യരായ നിരവധി അപേക്ഷകരെ ഒഴിവാക്കി സിപിഎം യുവജന നേതാക്കളുടെ ഭാര്യമാർക്ക് യൂണിവേഴ്സിറ്റികളിൽ നിയമനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ നിയമനങ്ങളെന്നും കൊച്ചിയിൽ നിയമ വകുപ്പിൽ എക്സ് എം.പി, പി. രാജീവിന്റെ ഭാര്യയ്ക്കും , കേരളയിൽ ബയോകെമിസ്ട്രി വകുപ്പിൽ എക്സ് എം. പി. പി. കെ. ബിജുവിന്റെ ഭാര്യയ്ക്കും നിയമനം നൽകിയതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഷംസീറിന്റെ ഭാര്യക്ക് കാലിക്കറ്റിൽ എഡ്യൂക്കേഷൻ വകുപ്പിൽ നിയമനം നൽകു ന്നതെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാറും സെക്രട്ടറി എം ഷാജിർഖാനും പറഞ്ഞു

കാലിക്കറ്റ് സർവകലാശാലയിൽ തിരക്കിട്ട് നടത്തുന്ന അധ്യാപക നിയമനങ്ങൾ യോഗ്യതകളുടെ അടിസ്ഥാനത്തിലല്ലെന്നുംസംവരണ തത്വം അട്ടിമറിച്ചു് സംവരണ റോസ്റ്റർ പോലും മുൻകൂട്ടി തയ്യാറാക്കാതെയാണ്‌ നിയമനങ്ങൾ നടത്തുന്നതെന്നും ഷംസീറിന്റെ ഭാര്യയുടെ നിയമനം അതിന് ഉത്തമ ഉദാഹരണമാണെന്നും കാലിക്കറ്റിൽ ഇപ്പോൾ തിരക്കിട്ട് നടത്തുന്ന അദ്ധ്യാപക നിയമങ്ങൾ തടഞ്ഞ് നിഷ്പക്ഷ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *