റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂര്‍: വിപണി ലക്ഷ്യമിട്ടു നീങ്ങുകയാണ് കേരളം മാടക്കത്തറ നഴ്‌സറിയിലെ എണ്ണൂറോളം വരുന്ന ഹൈബ്രിഡ് തെങ്ങിന്‍ തൈകള്‍. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ മാടക്കത്തറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍, കേര വികസന ഏകോപന സമിതി എന്നിവര്‍ സംയുക്തമായാണ് അത്യുല്‍പാദന ശേഷിയുള്ള ഹൈബ്രിഡ് തൈകള്‍ പോളിനേഷനിലൂടെ ഉല്‍പാദിപ്പിച്ചത്. തെങ്ങിന്‍ തൈകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം തുടങ്ങിയതോടെ കൂടുതല്‍ വിപണന സാധ്യത മുന്നില്‍ കാണുകയാണ് കര്‍ഷകര്‍. 

വേഗം കായ്ക്കുകയും വലിയതും ഗുണമേന്മയും ഉള്ള ധാരാളം നാളീകേരം ലഭിക്കുകയും ചെയ്യുന്നു എന്നതാണ് ഇവയുടെ പ്രത്യേകത. കട്ടിലപൂവ്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരമാടക്കത്തറ നഴ്‌സറിയില്‍ ഹൈബ്രിഡ് തെങ്ങിന്‍ തൈക്ക് 250 രൂപയും, ബാഗ് തൈക്ക് 300 രൂപയുമാണ് ഈടാക്കുന്നത്.

രണ്ടു വര്‍ഷം മുമ്പ് കേരഗ്രാമം പദ്ധതിയുടെ ഭാഗമായി ഒല്ലൂക്കര കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി സി സത്യാവര്‍മയുടെ നേതൃത്വത്തില്‍ 50 കേരകര്‍ഷകരുമായി കാസര്‍കോട് പിലിക്കോട് തോട്ടവിള ഗവേഷണ കേന്ദ്രങ്ങളിലേക്ക് നടത്തിയ യാത്രയില്‍ നിന്നാണ് ഹൈബ്രിഡ് തെങ്ങിന്‍ തൈകള്‍ എന്ന ആശയം ഉരുത്തിരിഞ്ഞത്. പിന്നീട് കേന്ദ്ര തോട്ടവിള ഗവേഷണ സെന്റര്‍ നല്‍കിയ മൂന്ന് ലക്ഷം രൂപ ഉപയോഗിച്ച് മാടക്കത്തറ കേര സമിതി ഹൈബ്രിഡ് തെങ്ങിന്‍ തൈകള്‍ ഉല്‍പാദിപ്പിക്കുവാനുള്ള ശ്രമങ്ങളാരംഭിച്ചു. ഉയരം കൂടിയ തെങ്ങുകളെയും ഉയരം കുറഞ്ഞ തെങ്ങുകളെയും മാതൃ-പിതൃ വൃക്ഷമായി കണ്ട് ഇവയുടെ പൂമ്പൊടി എടുത്ത് കൃത്രിമപരാഗണം (പോളിനേഷന്‍) നടത്തി. മൂന്ന് വര്‍ഷത്തെ കഠിന പ്രയത്‌നത്തിന്റ ഫലമായിട്ടാണ് ഇന്ന് വില്പനക്ക് പാകമായ  കേര മാടക്കത്തറ എന്ന സങ്കരയിനം തൈകള്‍ പിറവിയെടുത്തത്.

ഹൈബ്രിഡ് തെങ്ങിന്‍ തൈകളുടെ ഉല്‍പ്പാദനം മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്ന് കേര വികസന ഏകോപന സമിതി അവകാശപ്പെടുന്നു.  ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും ഹൈബ്രിഡ് തെങ്ങിന്‍ തൈകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍ക്കുന്നുണ്ട്. ജില്ലയ്ക്ക് പുറത്തു നിന്നും ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. അധികം വൈകാതെ സംസ്ഥാനത്തെ എല്ലാ ജില്ലകളിയ്ക്കും വിതരണം ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *