ന്യൂഡല്‍ഹി: ദക്ഷിണ ചൈനാക്കടലില്‍ ഇന്ത്യ-വിയറ്റ്നാം സംയുക്ത അഭ്യാസം നടത്തി ചൈനയ്ക്ക് ഇന്ത്യയുടെ ചുട്ട മറുപടി.ഇന്ത്യയിലെയും വിയറ്റ്നാമിലെയും യുദ്ധക്കപ്പലുകള്‍ ശനിയാഴ്ചയും ഞായറാഴ്ചയുമാണ് ദക്ഷിണ ചൈനാക്കടലില്‍ സംയുക്ത അഭ്യാസം നടത്തിയത്.
സിന്ധ് മേഖലയില്‍ പാകിസ്ഥാനുമായി ചേര്‍ന്ന് അടുത്തിടെ ചൈന നടത്തിയ സൈനിക അഭ്യാസത്തിനുള്ള മറുപടിയായാണ് ഇതിനെ വിലയിരുത്തുന്നത്. കൂടാതെ വിയറ്റ്നാമുമായുള്ള വര്‍ദ്ധിച്ചുവരുന്ന തന്ത്രപരമായ സഹകരണത്തില്‍ ചൈനയ്ക്ക് കടുത്ത അതൃപ്തിയുമുണ്ട്. ഇത് വക വയ്ക്കാതെയായിരുന്നു നാവിക അഭ്യാസം. മദ്ധ്യ വിയറ്റ്നാമിയ വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശത്ത് സഹായത്തിനായി എത്തിയ ഐ.എന്‍.എസ് കില്‍ട്ടാന്‍ വിയറ്റ്നാം നാവിക സേനയുമായി ചേര്‍ന്നാണ് രണ്ട് ദിവസങ്ങളായി അഭ്യാസം നടന്നത്. ദക്ഷിണ ചൈനാക്കടലില്‍ വിയറ്റനാമിന്റെ അധീനതയിലുള്ള പ്രദേശത്ത് എണ്ണ പര്യവേക്ഷണ പദ്ധതികളില്‍ ഇന്ത്യ സഹകരിക്കുന്നുണ്ട്.അതിനാല്‍ തന്നെ ഈ മേഖലയില്‍ ചൈനയുടെ അവകാശവാദങ്ങളില്‍ ഇന്ത്യയ്ക്കും ആശങ്കകളുണ്ട്. അതേസമയം,ചൈനക്കടലിന്റെ അധികാരം മുഴുവന്‍ തങ്ങള്‍ക്കാണെന്ന മട്ടില്‍ പെരുമാറുന്ന ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് കൂടിയാണ് ഈ അഭ്യാസമെന്ന് വിലയിരുത്തുന്നു.

