ന്യൂഡല്‍ഹി: കര്‍ഷക നിയമങ്ങള്‍ ഒരു രാത്രികൊണ്ട് അവതരിപ്പിച്ചതല്ലെന്നും കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നതിന് വര്‍ഷങ്ങളായി ചര്‍ച്ച നടത്തി വരികയായിരുന്നുവെന്ന് അഭിപ്രായങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകസമരത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷകക്ഷികള്‍ കര്‍ഷകരുടെ തോളില്‍ കയറി നിന്ന് വെടിവയ്ക്കുന്നുവെന്നും മോദി പറഞ്ഞു. മധ്യപ്രദേശിലെ കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയം കളിക്കുകയാണ്. സ്വന്തം മണ്ണ് ഒലിച്ചു പോയവരാണ് കര്‍ഷകരുടെ പേരില്‍ സമരത്തിന് ഇറങ്ങിയിരിക്കുന്നത്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇവര്‍ എട്ടു വര്‍ഷം പൂഴ്ത്തിവച്ചു. സ്വാമിനാഥന്‍ റിപ്പോര്‍ട്ട് അനുസരിച്ചുള്ള താങ്ങുവില മോദി സര്‍ക്കാര്‍ ഉറപ്പാക്കി. മധ്യപ്രദേശിലും കര്‍ഷകരെ കടം എഴുതി തള്ളും എന്നു പറഞ്ഞ് പറ്റിച്ചു. താങ്ങുവില ഇല്ലാതാക്കും എന്നത് കള്ളപ്രചാരണമാണ്. നിയമം വന്ന ശേഷവും താങ്ങുവില പ്രഖ്യാപിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു
മറ്റ് രാജ്യങ്ങള്‍ പുതിയ സാങ്കേതികവിദ്യകളിലേക്ക് നീങ്ങുമ്പോള്‍ ഇന്ത്യയിലെ കര്‍ഷകരെ ഉപേക്ഷിക്കാന്‍ കഴിയില്ല. കാര്‍ഷിക നിയമങ്ങളെക്കുറിച്ച് ഇപ്പോള്‍ ധാരാളം ചര്‍ച്ചകള്‍ നടക്കുന്നു. ഇവ പണ്ടേ ചെയ്യേണ്ടതായിരുന്നു. ഇവ ഒറ്റരാത്രികൊണ്ട് അവതരിപ്പിച്ചിട്ടില്ല. നമ്മുടെ കര്‍ഷകര്‍ പതിറ്റാണ്ടുകളായി ഇവ ആവശ്യപ്പെടുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്‍കാല പ്രകടന പത്രികകള്‍ ശ്രദ്ധിച്ചാല്‍ ഈ വാഗ്ദാനങ്ങള്‍ കാണ്ടെത്താമെന്നും മോദി പറഞ്ഞു.കര്‍ഷകരുടെ പേരില്‍ ഈ പ്രതിഷേധം ആരംഭിച്ചവര്‍, സര്‍ക്കാരിനെ നയിക്കാന്‍ അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഭാഗമായിരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ എന്തായിരുന്നു ചെയ്തതെന്നും പ്രധാനമന്ത്രി ചോദിച്ചു.എല്ലാ ക്രെഡിറ്റും നിങ്ങള്‍ തന്നെ എടുത്തോളൂവെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് കൈകൂപ്പി അഭ്യര്‍ഥിക്കുന്നതായും മോദി പറഞ്ഞു. കര്‍ഷകരുടെ ജീവിതം സമാധാനപൂര്‍ണമാക്കാനും അവരുടെ പുരോഗതിയും കാര്‍ഷിക മേഖലയിലെ ആധുനികവത്കരണവും മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



