തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷയ്ക്ക് മുമ്പ് ചില പാഠഭാഗങ്ങൾ ഒഴിവാക്കുമെന്ന് റിപ്പോർട്ട്. എന്നാൽ സിലബസ് മുഴുവന്‍ പഠിപ്പിക്കും. ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യു.ഐ.പി.) യോഗത്തില്‍ അറിയിച്ചു.
ഒഴിവാക്കേണ്ട പാഠഭാഗങ്ങൾ തിരഞ്ഞെടുക്കാന്‍ എസ്.സി.ഇ.ആര്‍.ടി.യെ ചുമതലപ്പെടുത്തി. വിദ്യാർത്ഥികളെ മുൻകൂട്ടി അറിയിച്ചതിന് ശേഷമാണ് പാഠ ഭാഗങ്ങൾ ഒഴിവാക്കുക.
2021 ജനുവരി മുതല്‍ കുട്ടികള്‍ സ്‌കൂളില്‍ എത്തിത്തുടങ്ങുന്നതോടെ ഓരോ കുട്ടിയോടും അധ്യാപകർ ഇടപെടുകയും പാഠഭാഗങ്ങളില്‍ അവര്‍ക്കുള്ള ധാരണ വിലയിരുത്തുകയും വേണം. അന്തിമ തീരുമാനം അതിന് ശേഷമായിരിക്കും സ്വീകരിക്കുക. ഡി.എല്‍.എഡിന്റെ പ്രവേശനം ഉടന്‍ പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു.
2021 മാര്‍ച്ചില്‍ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷ നടത്താനുള്ള തീരുമാനത്തില്‍ അദ്ധ്യാപകരും രക്ഷിതാക്കളും ആശങ്ക അറിയിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് ജനുവരിയില്‍ ക്ലാസ് തുടങ്ങി പരീക്ഷ നീട്ടിവെക്കണമെന്നാണ് ഇവരുടെ ആവശ്യം.
എല്‍.എസ്.എസ്, യു.എസ്.എസ്. പരീക്ഷാ നടത്തിപ്പിന് മാര്‍ഗനിര്‍ദ്ദേശം രൂപവത്കരിക്കാനും എസ്.സി.ഇ.ആര്‍.ടി.യെ ചുമതലപ്പെടുത്തി.
മറ്റു ക്ലാസുകള്‍ തുടങ്ങുന്നതും അവരുടെ പരീക്ഷ സംബന്ധിച്ചും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലാത്തതിനാല്‍ ക്യു.ഐ.പി. യോഗം ചര്‍ച്ചചെയ്തില്ല.



