റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ബി ജെ പി യിൽ ഗ്രൂപ്പ് പോര് മുറുകി, കെ സുരേന്ദ്രനെ നീക്കണമെന്ന് രണ്ട് ഗ്രൂപ്പുകൾ

December 18, 2020 - 11:20 am

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയമുണ്ടാകാത്തതിനു പിന്നാലെ കെ.സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റണമെന്ന ആവശ്യം ബി.ജെ.പിയിലെ രണ്ട് ഗ്രൂപ്പുകൾ ഉന്നയിച്ചതായാണ് സൂചന.
സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രന്‍ വിഭാഗവും കൃഷ്ണദാസ് പക്ഷവും
നീക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോർട്ടുണ്ട്.

സുരേന്ദ്രനെ അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്‍ വിഭാഗവും കൃഷ്ണദാസ് പക്ഷവും കേന്ദ്ര നേതൃത്വത്തിന് കത്തയച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുവിഭാഗവും വെവ്വേറെ കത്തയച്ചെന്നാണ് വിവരം.

2015 നെക്കാള്‍ ആകെ ജയിച്ച വാര്‍ഡുകളുടെ എണ്ണം കൂടിയെന്ന നേതൃത്വത്തിന്റെ അവകാശവാദം പൊള്ളയാണെന്നാണ് ഇരുപക്ഷത്തിന്റെയും പ്രധാന വിമര്‍ശനം. ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്കിലും പാര്‍ട്ടിക്കുണ്ടായത് കനത്തതോല്‍വിയാണെന്നും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതീക്ഷിച്ച നേട്ടത്തിന്റെ അടുത്തുപോലും എത്തിയില്ലെന്നും ഈ ഗ്രൂപ്പുകൾ ആരോപിക്കുന്നു. എല്ലാ കാര്യങ്ങളും സുരേന്ദ്രന്‍ ഒറ്റക്ക് തീരുമാനിക്കുകയാണെന്ന വിമർശനവും ഇരുപക്ഷങ്ങൾക്കും ഉണ്ട്.

തെരഞ്ഞെടുപ്പ് സമിതിയും കോര്‍കമ്മിറ്റിയും ചേര്‍ന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍, പി.എം വേലായുധന്‍, കെ.പി ശ്രീശന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ പരിഗണിക്കുന്നില്ലെന്നതുമാണ് കത്തില്‍ ശോഭാ വിഭാഗം പ്രധാനമായും പറയുന്നത്.

അബ്ദുള്ള കുട്ടിയെ പേരെടുത്തു പറയാതെ കോണ്‍ഗ്രസ് വിട്ടുവന്ന നേതാക്കള്‍ക്ക് വാരിക്കോരി സ്ഥാനമാനങ്ങള്‍ നല്‍കിയെന്നും ശോഭാ സുരേന്ദ്രൻ വിഭാഗം ആരോപിക്കുന്നു. സുരേന്ദ്രന്റ നേതൃത്വത്തില്‍ മുന്നോട്ട് പോയാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി തുടരുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.

സംസ്ഥാനതലത്തില്‍ പുന:സംഘടന വേണമെന്നാണ് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ച പരാതികള്‍ തീര്‍ക്കണമെന്ന് ആര്‍.എസ്.എസ് നേതാക്കള്‍ ഉന്നയിച്ച ആവശ്യം പരിഗണിച്ചില്ല എന്ന പരാതിയും ശോഭ സുരേന്ദ്രന്‍ ഉന്നയിക്കുന്നു.

തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് തവണ ശോഭാ സുരേന്ദ്രന്‍ വിഭാഗം കേന്ദ്രത്തിന് കെ. സുരേന്ദ്രനെതിരെ കത്ത് നല്‍കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *