കൊച്ചി: ആയുർവേദ ശല്യ ശാലാക്യ ബിരുദാനന്തര ബിരുദമുള്ള ഡോക്ടർമാർക്ക് ശസ്ത്രക്രിയകൾ നടത്താൻ അനുവാദം നൽകുന്നതിനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് അലോപ്പതി ഡോക്ടർമാർ വെളളിയാഴ്ച (11/12/2020) ഒ.പി ബഹിഷ്കരിച്ച് സമരം നടത്തി. അതേ സമയം സമരത്തെ പ്രതിരോധിക്കാൻ ആയുർവേദ ഡോക്ടർമാർ വെളളിയാഴ്ച ഒരു മണിക്കൂർ അധിക ജോലിയും എടുത്തു. കേരള സ്റ്റേറ്റ് ഗവണ്മെന്റ് ആയുർവേദ സംഘടനകളുടെ ആഹ്വാനപ്രകാരം ഒരു മണിക്കൂർ അധികജോലിയെടുത്തത്.
സർക്കാർ ആശുപത്രികളിലടക്കം ഒപി സമയത്ത് ഒരു മണിക്കൂർ കൂടി ഡോക്ടർമാർ ജോലി ചെയ്തു. ആയുർവേദ മെഡിക്കൽ ഓഫീസർമാരുടെ സംഘടനകൾ ഏകകണ്ഠമായെടുത്ത തീരുമാനപ്രകാരമാണ് വെളളിയാഴ്ച കൂടുതൽ സമയം തങ്ങൾ ജോലി ചെയ്തതെന്ന് കേരള ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ആർ. കൃഷ്ണകുമാർ പറഞ്ഞു. വെള്ളിയാഴ്ച അലോപ്പതി ഡോക്ടർമാരുടെ സമരം മൂലം സംസ്ഥാനമെങ്ങും രോഗികൾ വലഞ്ഞു. ശസ്ത്രക്രിയകൾ പോലും പല ആശുപത്രികളിലും മുടങ്ങി.



