ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കേന്ദ്ര സർക്കാർ തയ്യാറാവുന്നില്ലെങ്കില്‍ രാജ്യത്തെ റെയില്‍വേ പാളങ്ങള്‍ ഉപരോധിക്കുമെന്ന് കര്‍ഷകര്‍. രാജ്യതലസ്ഥാനത്തേക്കുള്ള ഹൈവേകള്‍ തടയുമെന്നും നേതാക്കൾ അറിയിച്ചു.
‘നിയമം പിന്‍വലിക്കാന്‍ ഡിസംബര്‍ പത്തുവരെ ഞങ്ങള്‍ സമയം അനുവദിച്ചിരുന്നു. പ്രധാനമന്ത്രി ഞങ്ങളുടെ ആവശ്യങ്ങള്‍ ഇനിയും പരിഗണിച്ചില്ലെങ്കില്‍ ഞങ്ങള്‍ രാജ്യത്തെ റെയില്‍വേ ട്രാക്കുകള്‍ ഉപരോധിക്കും. ജനങ്ങള്‍ റെയില്‍വേ ട്രാക്കുകള്‍ കയ്യേറും. ആലോചിച്ച് തീരുമാനിച്ച ശേഷം ഇതിന്റെ തിയ്യതി അറിയിക്കും’, കര്‍ഷകരുടെ നേതാവ് ബൂട്ടാ സിങ് പറഞ്ഞു.
‘കച്ചവടക്കാര്‍ക്കുവേണ്ടിയാണ് നിയമം കൊണ്ടുവന്നതെന്ന് കേന്ദ്രം സമ്മതിച്ചുകഴിഞ്ഞു. കൃഷി സംസ്ഥാനങ്ങളുടെ വിഷയമാണെങ്കില്‍ അതില്‍ നിയമങ്ങളുണ്ടാക്കാന്‍ കേന്ദ്രത്തിന് അനുവാദമില്ല’, മറ്റൊരു കര്‍ഷക നേതാവ് ബാല്‍ബീര്‍ സിങ് രാജേവാളും വ്യക്തമാക്കി.
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് സമരം കടുപ്പിക്കുന്ന കാര്യം കര്‍ഷകര്‍ പ്രഖ്യാപിച്ചത്.
