കോട്ടയം: നുണകൊണ്ട് എത്ര മറയ്ക്കാന്‍ നോക്കിയാലും ഒരിക്കല്‍ സത്യം പുറത്തുവരുമെന്ന് ജോസ് കെ.മാണി. കെ.എം.മാണിയുടെ ആത്മാവിന്റെ ശക്തിയാണ് തെളിയിക്കപ്പെട്ടതെന്നും ജോസ് കെ.മാണി പ്രതികരിച്ചു. രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് നല്‍കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പാലയിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ജോസ്.കെ.മാണി.
നേരത്തെ കേരള കോണ്‍ഗ്രസ് എം എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ജോസഫ് ഹൈക്കോടതിയെ സമീപിച്ചു. ഇതു തള്ളിക്കൊണ്ടാണ് രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിന് നൽകിയത്. തിരഞ്ഞെടുപ്പു കമ്മിഷന്റെ അധികാരത്തിലും അവകാശത്തിലും ഇടപെടില്ല എന്നും ഹൈക്കോടതി വിധി പ്രസ്താവനത്തിനിടെ വ്യക്തമാക്കി. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ ഭൂരിപക്ഷ വിധിയോട് യോജിച്ചു കൊണ്ടാണ് ഹൈക്കോടതി വിധി.
ജോസഫിന്റെ ഹര്‍ജിയില്‍ ആദ്യം ഹൈക്കോടതി രണ്ടില ചിഹ്നം മരവിപ്പിച്ചതിനെ തുടര്‍ന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ്.കെ.മാണി വിഭാഗത്തിന് ടേബിള്‍ ഫാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചിരുന്നു. തുടർന്നാണ് ഹൈക്കോടതി വിധി ഉണ്ടായത്.



