കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാർ തിരിമറിയിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. ബുധനാഴ്ച (18/11/20) കാക്കനാട് ജില്ലാ ജയിലിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍.
ലൈഫ് മിഷന്‍ കരാര്‍ ഇടപാടില്‍ ശിവശങ്കറിന്റെ പങ്കാളിത്തത്തെ കുറിച്ച് സ്വപ്ന സുരേഷ് നല്‍കിയ മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ് വിജിലന്‍സും അദ്ദേഹത്തെ ചോദ്യം ചെയ്തത്.
ലൈഫ് മിഷന്‍ പദ്ധതിയിലുൾപ്പെട്ട വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മ്മാണത്തിലെ ക്രമക്കേടും കോഴയിടപാടുകളും കൂടാതെ ഡോളര്‍ കരിഞ്ചന്തയില്‍ സംഘടിപ്പിച്ചതുമാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. കേസില്‍ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍. കോഴയിടപാടിനെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നെന്ന് സ്വപ്ന വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെയും, കൂടുതല്‍ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.



