മപ്യൂറ്റോ: മൊസാംബിക്കിലെ കാബോ ഡെൽഗഡോ പ്രവിശ്യയിൽ ഇസ്ലാമിസ്റ്റ് തീവ്രവാദികൾ 50 ലധികം പേരെ തലയറുത്ത് കൊന്നതായി റിപ്പോർട്ട് .
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വടക്കൻ മൊസാംബിക്കിലെ കാബോ ഡെൽഗഡോ പ്രവിശ്യയിലെ നിരവധി ഗ്രാമങ്ങളിൽ ഇസ്ലാമിക തീവ്രവാദികൾ ആക്രമണം നടത്തിയതായും അമ്പതിലധികം പേരെ ശിരഛേദം ചെയ്തതായും പൊലീസ് തിങ്കളാഴ്ച (09/11/20) അറിയിച്ചു.
“അവർ വീടുകൾക്ക് തീയിട്ടു, കാട്ടിലേക്ക് ഓടിപ്പോയ ആളുകളെ വേട്ടയാടുകയും അവരുടെ ക്രൂരമായ നടപടി ആരംഭിക്കുകയും ചെയ്തു,” ഒരു പോലീസ് ഉദ്യോഗസ്ഥൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
തീവ്രവാദികൾ ഗ്രാമത്തിലെ താമസക്കാരെ കൊലപ്പെടുത്തുന്നതിന് മുമ്പ് ഒരു ഫുട്ബോൾ പിച്ചിലേക്ക് കൊണ്ടുപോയതായി ദൃക്‌സാക്ഷികൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
തീവ്രവാദികൾ സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടുണ്ട്.
“ഇസ്ലാമിക് സ്റ്റേറ്റ്” ഗ്രൂപ്പുമായി ബന്ധമുള്ള ഇസ്ലാമിക വിമതരാണ് ക്രൂരമായ ആക്രമണങ്ങൾക്കു പിന്നിൽ എന്നാണ് റിപ്പോർട്.
2017 മുതൽ തീവ്രവാദികൾ പ്രവിശ്യയിൽ ക്രൂരമായ ആക്രമണങ്ങൾ നടത്തിവരികയാണ്.
2020 ഏപ്രിലിൽ തീവ്രവാദികൾ 50 ഓളം യുവാക്കളെ വെടിവച്ച് കൊന്നു.
കലാപം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ മറവിൽ സർക്കാരിന്റെ സുരക്ഷാ സേനയും പ്രവിശ്യയിൽ വൻ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയതായി മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചിരുന്നു.



