റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൂതാടി മഹാശിവക്ഷേത്രത്തിൽ കവർച്ചയ്ക്ക് എത്തിയ മോഷ്ടാക്കളെ പോലീസ് പിടിയിലാക്കിയത് ഒരു തെരുവു നായ

November 5, 2020 - 1:44 pm

കേണിച്ചിറ: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിവക്ഷേത്രത്തിൽ കവർച്ചയ്ക്ക് എത്തിയ മോഷ്ടാക്കളെ പോലീസിന്റെ പിടിയിൽ എത്തിച്ചത് ഒരു തെരുവു നായ. പൂതാടി മഹാശിവക്ഷേത്രത്തില്‍ നടന്ന മോഷണ ശ്രമമാണ് തെരുവ് നായ തടഞ്ഞത്. ക്ഷേത്രത്തിന്റെ ഒന്നരയാള്‍ പൊക്കമുള്ള മതില്‍ ചാടി കടന്ന് എത്തിയ മോഷ്ടാക്കളാണ് അപ്രതീക്ഷിതമായ നായയുടെ ആക്രമണത്തിൽ പിടിയിലായത്

കല്‍പറ്റ ചുഴലി മാമ്പറ്റ പറമ്പില്‍ മുഹമ്മദ് ഷിനാസ് (20), കോഴിക്കോട് നല്ലളം മേക്കയില്‍ അക്ഷയ് (21), കുന്നമംഗലം കാവിലാം കരണത്തിങ്കല്‍ ശരത് (23), പൊഴുതന കാരാട്ട് ജംഷീര്‍ അലി (38) എന്നിവരാണ് പിടിയിലായത്.

ഇതില്‍ ഷിനാസ്, അക്ഷയ് എന്നിവരെ പിടികൂടിയത് കേണിച്ചിറ പൊലീസും നാട്ടുകാരും ചേര്‍ന്നാണ്. കാറില്‍ രക്ഷപ്പെട്ട ശരത്, ജംഷീര്‍ എന്നിവരെ വൈത്തിരിയില്‍ വെച്ച്‌ വൈത്തിരി പൊലീസുമാണ് പിടികൂടിയത്. ജംഷീര്‍ അലി ഊട്ടി കോടനാട് എസ്​റ്റേറ്റിലെ ജയലളിതയുടെ സെക്യൂരിറ്റിക്കാരനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കൂടാതെ നിരവധി കഞ്ചാവ്, പോക്സോ കേസുകളിലും പ്രതിയാണ്. മറ്റു മുന്നുപേരും വിവിധ കേസുകളില്‍ പ്രതികളാണ്. സംഭവ സ്ഥലത്തുനിന്നും ചാക്കുകളിലാക്കിയ അഞ്ച് ഓടിന്റെ നിലവിളക്കുകളും പണവും പൊലീസ് കണ്ടെടുത്തു.

ശാന്തിക്കാരനെ ആക്രമിച്ച് ക്ഷേത്രം കൊള്ളയടിക്കാനായിരുന്നു പ്രതികളുടെ പദ്ധതി
മോഷ്ടാവ് കത്തിയുമായി ശാന്തിക്കാരന് നേരെ അടുത്തപ്പോഴാണ് വില്ലനായി തെരുവ് നായ എത്തിയത്. നായ ഉച്ചത്തില്‍ കുരച്ച്‌ മോഷ്ടാക്കളെ ആക്രമിക്കാൻ ശ്രമിക്കുകയും നാട്ടുകാരുടെടെ ശ്രദ്ധ അമ്പലത്തിനകത്തേക്ക് തിരിക്കുകയുമായിരുന്നു. നാട്ടുകാർ ഓടിയെത്തിയതോടെ ശാന്തിക്കാരൻ വിവരം അറിയിച്ചു. ഒടുവിൽ പോലീസെത്തിയതോടെ നാലംഗ സംഘം വലയിലായി.

തെരുവില്‍ കഴിയുന്ന നായ രാത്രിയിൽ കിടക്കുന്നത് ക്ഷേത്ര മതിലിനോട് ചേര്‍ന്നാണ്. ചുറ്റുമതിലിന്റെ പുറത്തു കഴിയുന്ന നായ മോഷ്ടാക്കള്‍ ക്ഷേത്രത്തിനകത്ത് കടന്നദിവസം എങ്ങിനെയോ ചുറ്റുമതില്‍ കടന്ന് ചുറ്റമ്പലത്തിന് പുറത്ത് കയറി കൂടിയിരുന്നു. ഇതറിയാതെ എത്തിയ സംഘമാണ് പോലീസിന്റെ പിടിയിൽ അകപ്പെട്ടത്.

പരിസര നിരീക്ഷണത്തിനായി രണ്ട് ദിവസം മുമ്പ് സംഘം ഇവിടെ എത്തിയിരുന്നുവെന്ന് മോഷ്ടാക്കൾ പോലീസിനോടു സമ്മതിച്ചു. ക്ഷേത്രവും ചുറ്റുമതിലും നിരീക്ഷിച്ചു, ഒന്നരയാള്‍ പൊക്കത്തിലുള്ള ചുറ്റുമതില്‍ കടക്കുന്നതിന് വേണ്ടി സമീപത്ത് പെയിന്റടിക്കുന്നതിനായി വെച്ച പലകയുടെ തട്ടും കണ്ടുവെച്ചിരുന്നു. എന്നാൽ പദ്ധതികളെല്ലാം നായ തകർത്തു. പ്രതികൾ പോലീസിന്റെ വലയിലുമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *