ഷാർജ: കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ പ്ലേഓഫ് സാധ്യതകള്‍ തല്ലിത്തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. റിതുരാജ് ഗെയ്ക്വാദിന്റെ അര്‍ധ സെഞ്ച്വറിയാണ് മത്സരത്തില്‍ നിര്‍ണായകമായത്. തോല്‍വിയോടെ പഞ്ചാബ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് നല്ല തുടക്കമാണ് ലഭിച്ചത്. ഡുപ്ലെസിയും ഗെയ്ക്ക്വാദും ചേര്‍ന്ന് പത്തോവറില്‍ 82 റണ്‍സ് ചേര്‍ത്തിരുന്നു. 34 പന്തില്‍ 48 റണ്‍സെടുത്ത ഡുപ്ലെസിയാണ് ചെന്നെ നിരയില്‍ പുറത്തായ ഏക താരം. നാല് ഫോറും രണ്ട് സിക്‌സറും താരം പറത്തി.
വിക്കറ്റ് പോയെങ്കിലും സൂക്ഷമതയോടെ കളിച്ച ചെന്നൈ അര്‍ഹിച്ച ജയം നേടുകയായിരുന്നു. ഗെയ്ക്വാദ് 49 പന്തില്‍ 62 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. താരത്തിന്റെ തുടര്‍ച്ചയായ മൂന്നാം അര്‍ധ സെഞ്ച്വറിയാണിത്. ആറ് ബൗണ്ടറിയും ഒരു സിക്‌സറും ഗെയ്ക്വാദ് അടിച്ചു. അമ്പാട്ടി റായിഡു 30 പന്തില്‍ 30 റണ്‍സെടുത്തു. അതേസമയം വിക്കറ്റ് എടുക്കാതിരുന്നതാണ് പഞ്ചാബിന് മത്സരത്തില്‍ തിരിച്ചടിയായത്.
ചെന്നൈ മികച്ച ബൗളിംഗിലൂടെ പഞ്ചാബിന് വരിഞ്ഞ് മുറുക്കുകയായിരുന്നു. ദീപക് ഹൂഡയുടെ അതിവേഗ അര്‍ധ സെഞ്ച്വറിയാണ് മത്സരത്തില്‍ പഞ്ചാബിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.
പഞ്ചാബ് നിരയിൽ 5.2 ഓവറില്‍ 48 റണ്‍സ് രാഹുലും അഗര്‍വാളും ചേർന്ന് നേടി. 15 പന്തില്‍ 26 റണ്‍സെടുത്ത അഗര്‍വാളിനെ എന്‍ഗിദി പുറത്താക്കി. അധികം വൈകാതെ തന്നെ രാഹുലിനെയും എന്‍ഗിദി മടക്കി. ക്രിസ് ഗെയില്‍, നിക്കോളാസ് പൂരാന്‍ എന്നിവർ തിളങ്ങിയില്ല. പിന്നീട് മന്‍ദീപ് സിംഗും ദീപക് ഹൂഡയും ചേര്‍ന്ന് സ്കോർ ഉയർത്താൻ ശ്രമം തുടങ്ങി. 14 റണ്‍സെടുത്ത മന്‍ദീപ് പുറത്തായ ശേഷം ഹൂഡ ഒറ്റയ്ക്ക് പൊരുതി.
30 പന്തില്‍ 62 റണ്‍സടിച്ച ഹൂഡ പുറത്താവാതെ നിന്നു. സ്‌കോര്‍ 150 കടത്തിയതും ഹൂഡയാണ്. അവസാന അഞ്ചോവറില്‍ 50 റണ്‍സിലധികം പഞ്ചാബ് അടിച്ച് കൂട്ടി. നാല് സിക്‌സറും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഹൂഡയുടെ ഇന്നിംഗ്‌സ്.