ദുബായ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ദയനീയ തോല്‍വി ഏറ്റുവാങ്ങി ഐപിഎല്‍ 13-ാം സീസണില്‍ പ്ലേ ഓഫ് കാണാതെ രാജസ്ഥാന്‍ റോയല്‍സ് പുറത്തായി. 60 റണ്‍സിനാണ് രാജസ്ഥാന്റെ തോല്‍വി. കൊല്‍ക്കത്ത ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
കൊൽക്കത്തയുടെ പാറ്റ് കമ്മിന്‍സാണ് രാജസ്ഥാന്‍ മുന്‍നിരയെ തകർത്തത്. ആദ്യ അഞ്ച് ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന പരിതാപകരമായ നിലയിലായിരുന്നു രാജസ്ഥാന്‍. നാലു വിക്കറ്റാണ് കമ്മിന്‍സ് വീഴ്ത്തിയത്.
റോബിന്‍ ഉത്തപ്പ (6), ബെന്‍ സ്റ്റോക്ക്‌സ് (18), സ്റ്റീവ് സ്മിത്ത് (4), റിയാന്‍ പരാഗ് എന്നിവരെ കമ്മിന്‍സ് മടക്കിയപ്പോള്‍ സഞ്ജു സാംസണെ (1) ശിവം മാവിയും പുറത്താക്കി.
ജോസ് ബട്ട്‌ലര്‍ 22 പന്തില്‍ ഒരു സിക്‌സും നാലു ഫോറുമടക്കം 35 റണ്‍സെടുത്ത് 11-ാം ഓവറില്‍ പുറത്തായതോടെ രാജസ്ഥാന്‍ തോല്‍വി ഉറപ്പിച്ചു. ജോഫ്ര ആര്‍ച്ചര്‍ (6), കാര്‍ത്തിക് ത്യാഗി (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ശ്രേയസ് ഗോപാല്‍ 23 റണ്‍സോടെ പുറത്താകാതെ നിന്നു.
ടോസ് നേടി രാജസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്‍ (24 പന്തില്‍ 36), ത്രിപാഠി (34 പന്തില്‍ 39) എന്നിവരിലൂടെയാണ് കൊല്‍ക്കത്ത ബാറ്റിങ്ങില്‍ മുന്നേറിയത്. ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ പുറത്താകാതെ നിന്ന് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. 35 പന്തുകള്‍ നേരിട്ട് മോര്‍ഗന്‍ അഞ്ച് ഫോറും ആറ് സിക്‌സും സഹിതം 68 റണ്‍സ് അടിച്ചെടുത്തു. മൂന്ന് സിക്‌സുകള്‍ സഹിതം 11 പന്തില്‍ 25 റണ്‍സുമായി ആന്ദ്രെ റസ്സലും തിളങ്ങി.
ചെന്നൈ സൂപ്പര്‍ കിങ്സ്, കിങ്സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ക്കു പിന്നാലെയാണ് രാജസ്ഥാനും പ്ലേ ഓഫ് കാണാതെ പുറത്താകുന്നത്. 14 മത്സരങ്ങളില്‍ നിന്ന് 14 പോയന്റുമായി കൊല്‍ക്കത്ത പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി. എന്നാൽ ലീഗിലെ ശേഷിക്കുന്ന രണ്ട് മത്സരഫലങ്ങളും കൊല്‍ക്കത്തയ്ക്ക് നിര്‍ണായകമാകും.



