കൊച്ചി: സൂപ്പർ സ്റ്റാർ മോഹന്‍ലാലിന്റെ മകൻ പ്രണവ് മോഹന്‍ലാലും പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. ബാലതാരമായി മലയാള സിനിമയിലെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രണവ് ജിത്തു ജോസഫിൻ്റെ ആദിയിലൂടെയായിരുന്നു നായകനായി മാറിയത്. പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ച ആദിയിൽ പാര്‍ക്കൗര്‍ രംഗങ്ങളിലൂടെ കൈയ്യടി സ്വന്തമാക്കുകയായിരുന്നു താരം. ക്യാമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലേക്കെത്തുകയായിരുന്നു പ്രണവ്.
ആദിക്ക് ശേഷം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലായിരുന്നു പ്രണവ് അഭിനയിച്ചത്. വന്‍പ്രതീക്ഷയോടെ തിയേറ്ററുകളിലേക്കെത്തിയ സിനിമ ബോക്സോഫീസില്‍ നിന്നും കനത്ത പരാജയം സ്വന്തമാക്കുകയായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട് . പ്രതീക്ഷിച്ച പോലെ ചെയ്യാനായില്ലെന്ന് അണിയറപ്രവര്‍ത്തകരും പറഞ്ഞിരുന്നു. മൂന്നാമതായി പ്രണവ് എത്തിയത് അച്ഛന്റെ സിനിമയിലേക്ക് തന്നെയായിരുന്നു . മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ കുഞ്ഞാലി മരക്കാറുടെ ബാല്യകാല വേഷം അവതരിപ്പിച്ചത് പ്രണവായിരുന്നു. പ്രണവും ദുല്‍ഖറിന്റെ ചാര്‍ലിയും തമ്മിലുള്ള സാമ്യത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍.
സിനിമയില്‍ അത്ര സജീവമല്ലാതെയിരുന്ന സമയം മുതലേ ഭാവിയില്‍ നായകനായി പ്രണവ് എത്തുമെന്ന തരത്തിലുള്ള വിലയിരുത്തലുകളുണ്ടായിരുന്നു ആരാധകർക്കിടയിൽ. പുനര്‍ജനിയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും സ്വന്തമാക്കിയ പ്രണവ് താരപുത്രന്റെ യാതൊരുവിധ ജാഡകളുമില്ലാതെ സാധാരണക്കാരനായി, ലളിത ജീവിതമാണെന്ന് സുഹൃത്തുക്കളും പറഞ്ഞിരുന്നു. യാത്രകളെ ഒരുപാട് ഇഷ്ടമുള്ള പ്രണവ് പ്ലസ് ടു പഠനത്തിന് ശേഷം അടുത്ത പ്ലാനെന്താണ് എന്ന് ചോദിച്ചപ്പോള്‍ തനിക്ക് ലോകം ചുറ്റണമെന്നും ഒരുപാട് യാത്ര ചെയ്യാനാഗ്രഹമുണ്ടെന്നുമായിരുന്നു പറഞ്ഞത്. മകന്റെ ആഗ്രഹത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയ മോഹന്‍ലാല്‍ അതിന് സമ്മതം മൂളുകയായിരുന്നു. മോഹന്‍ലാല്‍ നായകനായെത്തിയ സാഗര്‍ ഏലിയാസ് ജാക്കിയിലെ ഗാനരംഗത്തില്‍ പ്രണവ് പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രീകരണത്തിനിടെ അപ്രതീക്ഷിതമായാണ് പ്രണവിനെ കണ്ടതെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്.
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച സിനിമയാണ് ദുല്‍ഖര്‍ സല്മാന് നായകനായെത്തിയ ചാർലി. ചിത്രത്തിലെ കഥാപാത്രത്തെപ്പോലെയാവാന്‍ കഴിഞ്ഞിരുന്നുവെങ്കിലെന്നായിരുന്നു പലരും പറഞ്ഞത്. യാത്രകളെ അത്രമേല്‍ പ്രണയിച്ചിരുന്ന ചാര്‍ലിയുടെ ജീവിതവും, ജീവിതത്തിലെ പ്രിയപ്പെട്ട കാര്യങ്ങളുമെല്ലാം എല്ലാവര്ക്കും ഇഷ്ടമായിരുന്നു. ദുല്‍ഖറാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചതെങ്കിലും അത് ശരിക്കും ചേരുന്നത് പ്രണവിനാണെന്നാണ് ആരാധകര്‍ പറയുന്നത്.



