റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം ജില്ലയില്‍ കോവിഡ് നിര്‍ണ്ണയത്തിന് സഹായമൊരുക്കി കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ

October 25, 2020 - 3:22 pm

കൊല്ലം: കോവിഡ് രോഗനിര്‍ണ്ണയത്തിന് പരിശോധനാ കേന്ദ്രങ്ങള്‍ തേടിപ്പോകാതെ രോഗബാധിതരുടെ അടുക്കലെത്തുന്ന സഞ്ചരിക്കുന്ന പരിശോധനാ ലാബ് പ്രവര്‍ത്തനസജ്ജമായി. തന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 17 ലക്ഷം രൂപ ചിലവഴിച്ച്  കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയാണ്  ടെസ്റ്റിംഗ് ലാബ് സജ്ജമാക്കിയത്. ലാബില്‍ ആന്റിജന്‍, ആര്‍ ടി പി സി ആര്‍ ടെസ്റ്റുകള്‍ നടത്താനാകും. കലക്ടറേറ്റ് അങ്കണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍  എം എല്‍ എ തന്നെ ആംബുലന്‍സ് ഓടിച്ചു. എം എല്‍ എ മാരായ ആര്‍ രാമചന്ദ്രനും എം നൗഷാദും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു.

കോവിഡ് പ്രതിരോധത്തില്‍  ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശക്തമായ പിന്തുണയാണ് സഞ്ചരിക്കുന്ന ടെസ്റ്റിംഗ് ലാബെന്ന് കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ പറഞ്ഞു. കോവിഡ് കാലത്തെ  ഭാവനാപൂര്‍ണമായ ഒരു കാല്‍വെയ്പ്പാണിതെന്ന് ആര്‍ രാമചന്ദ്രന്‍ എം എല്‍ എ യും കാലഘട്ടത്തിന്റെ  അനിവാര്യതയാണ് ഇത്തരം സംവിധാനങ്ങളെന്ന്   നൗഷാദ് എം എല്‍ എയും  പറഞ്ഞു.

ആശുപത്രികള്‍ കേന്ദ്രീകരിച്ചു ടെസ്റ്റുകള്‍ നടത്തുമ്പോഴുണ്ടാകുന്ന  ആള്‍കൂട്ടവും അതുവഴിയുള്ള രോഗവ്യാപന സാധ്യതയും കുറയ്ക്കാന്‍ ഇത്തരം സംവിധാനങ്ങള്‍ക്ക് കഴിയുമെന്ന്  ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു. പോസിറ്റീവ് കേസുകള്‍ കൂടുതലുള്ള മേഖലകളില്‍ രോഗനിര്‍ണ്ണയം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഞ്ചരിക്കുന്ന ടെസ്റ്റിംഗ് ലാബിലൂടെ സാധിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. മേയര്‍ ഹണി ബെഞ്ചമിനും എം എല്‍ എ മാരും പരിശോധനാ മാതൃകയില്‍ പങ്കെടുത്തു.

സുരക്ഷിതമായി ഒരേസമയം രണ്ട് പേര്‍ക് ടെസ്റ്റിംഗ് നടത്താന്‍ കഴിയും. സ്രവ ശേഖരണത്തിന് പ്രത്യേക പരിശീലനം ലഭിച്ച  ഡെന്റല്‍ ഡോക്ടര്‍, ലാബ് ടെക്‌നീഷ്യന്‍, സ്റ്റാഫ് നഴ്സ് എന്നിവരുടെ സേവനം ആഴ്ചയില്‍ ആറു ദിവസം ലഭ്യമാകും. പിറവന്തൂരില്‍ നിന്നും ഞായറാഴ്ച (ഒക്ടോബര്‍ 25) ആരംഭിക്കുന്ന സഞ്ചരിക്കുന്ന ടെസ്റ്റിംഗ് ലാബിന്റെ സേവനം ജില്ലയിലെ എല്ലാ മേഖലകളിലും ലഭ്യമാകും. തോട്ടം തൊഴിലാളികളും അതിഥിതൊഴിലാളികളും ഏറെയുള്ള ജില്ലയിലെ രോഗനിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സംരംഭം ശക്തി പകരും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് വേണുഗോപാല്‍, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബി സജീവ്, ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ ബി സന്ധ്യ, ഡോ ജെ മണികണ്ഠന്‍, ഡോ ജയശങ്കര്‍, പുനലൂര്‍ താലൂക് ആശുപത്രി സൂപ്രണ്ട് ഡോ ആര്‍ ഷാഹിര്‍ ഷാ, ദേശീയ ആരോഗ്യ മിഷന്‍ ജില്ലാ  പ്രോഗ്രാം മാനേജര്‍ ഡോ എസ് ഹരികുമാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8794/covid-19-travelling-testing-lab-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *