റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യയിലെ 21 % നവജാത ശിശു മരണത്തിനും കാരണം വീടിനകത്തെ വായു മലിനീകരണമാണെന്ന് റിപ്പോര്‍ട്ട്

October 23, 2020 - 11:29 am

ന്യൂഡൽഹി: ഇന്ത്യയിലെ അന്തരീക്ഷ മലിനീകരണത്തിൻ്റെ തോത് എത്രമാത്രം ഗുരുതരമാണ് എന്ന് വെളിപ്പെടുത്തുന്ന ഒരു പഠന റിപ്പോര്‍ട്ട് കൂടി പുറത്തു വന്നു. ഇന്ത്യയിലെ നവജാതശിശു മരണങ്ങളിൽ 21 % ത്തിൻ്റെയും കാരണം വീടിനകത്തെ വായു മലിനീകരണമാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഹെൽത്ത് എഫക്റ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സ്റ്റേറ്റ് ഓഫ് ഗ്ലോബൽ എയർ 2020 റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ഉള്ളത്.

“ ശിശുക്കളുടെ ആരോഗ്യം ഓരോ സമൂഹത്തിന്റെയും ഭാവിയിൽ നിർണ്ണായകമാണ്, ഈ പുതിയ തെളിവുകൾ സൂചിപ്പിക്കുന്നത് ദക്ഷിണേഷ്യയിലും ഉപ-സഹാറൻ ആഫ്രിക്കയിലും ജനിക്കുന്ന ശിശുക്കൾക്ക് ഉയർന്ന അപകടസാധ്യതയുണ്ട് എന്നാണ്” എച്ച്ഇഐ പ്രസിഡന്റ് ഡാൻ ഗ്രീൻബൂം പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും ഉയർന്ന ആരോഗ്യ അപകടസാധ്യത ഇപ്പോൾ അന്തരീക്ഷ മലിനീകരണം മൂലമാണെന്ന് റിപ്പോർട് വ്യക്തമാക്കുന്നു. 2019 ൽ 1.67 ദശലക്ഷം പേർ ഹൃദ്രോഗം, ഹൃദയാഘാതം, പ്രമേഹം, ശ്വാസകോശ അർബുദം, വിട്ടുമാറാത്ത ശ്വാസകോശരോഗങ്ങൾ, നവജാതശിശു രോഗങ്ങൾ എന്നിവ മൂലം മരണമടഞ്ഞു , ഇവരെ മരണത്തിലേക്ക് തളളിവിട്ടതിലെ പ്രധാന വില്ലൻ മോശം വായുവാണത്രേ.

കോവിഡ് ബാധയുടെ കാലത്ത് വായു മലിനീകരണം, പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പു നൽകുന്നു. വായു മലിനീകരണവും കൊവിഡ് – 19 ഉം തമ്മിൽ നേരിട്ടുള്ള ബന്ധത്തെ കുറിച്ച് ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും വായു മലിനീകരണം വർദ്ധിച്ച ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ തകരാറുകൾ, ഹൃദയാഘാതം തുടങ്ങിയവയ്ക്ക് കാരണമായേക്കും എന്നത് ഏവരും അംഗീകരിച്ചിട്ടുണ്ട്.

ലോകത്തിലാകെ നോക്കുമ്പോൾ മലിനീകരണം മൂലമുള്ള മരണനിരക്ക് 6.7 ദശലക്ഷമാണ്. അതിൽ 2.1 ദശലക്ഷം മരണങ്ങൾ ദക്ഷിണേഷ്യയിലാണ്. ഇതിൽ 173,500 പേർ ബംഗ്ലാദേശിലും, 1.67 ദശലക്ഷം ഇന്ത്യയിലും ആണ്. പാകിസ്ഥാനിൽ 235,700, നേപ്പാളിൽ 42,100 എന്നിങ്ങനെയാണ് മരണങ്ങൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *